ഇറ്റലിയിൽ നിന്നു വന്ന ബന്ധുവിനെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയി കോട്ടയത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ടു ചെയ്ത ഗുരുതര സ്ഥിതിയിൽ നിന്ന് രോഗവ്യാപനം തടഞ്ഞു ഗ്രീൻ സോണിൽ കോട്ടയത്തെ എത്തിച്ചവർക്ക് നന്ദി . പൊസിറ്റീവ് കേസില്ല, നെഗറ്റീവ് എണ്ണം കൂടി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞു.

ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി എല്ലാവരുടെയും യോജിച്ചുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെങ്കിലും ഏറെ നന്ദി പറയേണ്ടത് നിർദ്ദേശങ്ങൾ അനുസരിച്ച നാട്ടുകാർക്കാണ്.

90ലെത്തിയ രണ്ട് കൊവിഡ് രോഗികളെ രോഗമുക്തരാക്കി ലോകാരോഗ്യ സംഘടനയെ പോലും അത്ഭുതപ്പെടുത്തിയ പ്രവർത്തനം കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ കാണിച്ചുവെങ്കിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി തിലോത്തമനും കളക്ടറും ജില്ലാ പൊലീസ് മേധാവിയും ,അഗ്നിശമന സേനയും വിവിധ രാഷ്ടീയ ,സന്നദ്ധ സംഘടനാ നേതാക്കളുമൊക്കെ കോട്ടയത്തെ ഗ്രീൻ സോണിൽ എത്തിക്കാൻ തങ്ങളുടേതായ സംഭാവന നൽകി.

കോട്ടയത്താദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തതിനാൽ ജാഗ്രത കൂടിയതിനാൽ പെട്ടെന്ന് നിയന്ത്രിക്കാനും മുൻകരുതൽ എടുക്കാനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞു. സാനിറ്റൈസറും മുഖാവരണവും ഹാൻഡ് വാഷുമൊക്കെയായി വിവിധ സന്നദ്ധസംഘടനകൾ രംഗത്തുവന്നതും രോഗ വ്യാപനം തടയാൻ കാരണമായി. രാവും പകലും റോഡിൽ കാവൽ നിന്ന് വാഹനങ്ങൾ നിയന്ത്രിച്ച പൊലീസ് സേനയുടെ സേവനം മഹത്തരമായി. ജാതി,മത,രാഷ്ടീയം മറന്നുള്ള കൂട്ടായ്മയായിരുന്നു വിജയഗാഥ രചിച്ച് മറ്റ് ജില്ലകൾക്ക് മാതൃകയാകാൻ കോട്ടയത്തെ പര്യാപ്തമാക്കിയത്.

അഭയം, സേവാഭാരതി, സ്നേഹക്കൂട്, ബോധിധർമ ചാരിറ്റബിൾ സൊസൈറ്റി, ത്രിതല പഞ്ചായത്തുകൾ, വിവിധ രാഷ്ട്രീയ, സമുദായ സംഘടനകൾ തുടങ്ങിയവയുടെ സേവനം ഏറെ പ്രകീർത്തിക്കപ്പെട്ടു.

ഈസ്റ്ററിന് ഇറച്ചിയും മീനുമില്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവരാണ് കോട്ടയത്തെ ക്രൈസ്തവർ. അഴുകിയ മീൻ നിരന്തരം പിടിച്ചതോടെ ഇറച്ചിക്കടകൾക്കു മുന്നിൽ പുലർച്ചെ മുതൽ ആളുകൾ തിക്കിതിരക്കിയത് നിയന്ത്രിക്കാനും പൊലീസെത്തി. വിഷു വിഭവങ്ങൾ വാങ്ങാനും ഇതേ തിരക്കുണ്ടായി. . മറ്റുജില്ലകളിൽ പൊലീസ് ബലപ്രയോഗം നടത്തിയെന്ന പരാതി ഉയർന്നപ്പോൾ കോട്ടയത്ത് അത്തരം പരാതി ഉണ്ടായില്ല. അനാവശ്യമായി വാഹനങ്ങളുമായി റോഡിൽ ഇറങ്ങിയതിന് അയ്യായിരത്തോളം കേസുകൾ ഉണ്ടായി. രണ്ടായിരത്തോളം വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

മദ്യപന്മാർ ഏറെയുള്ള ജില്ലയാണ് കോട്ടയം. ബാറും ബിവറേജസും അടച്ചതോടെ മദ്യം കിട്ടാത്ത അവസ്ഥയിൽ കോട്ടയത്ത് വിറയൽ രോഗികൾ കൂടുമെന്നും വ്യാപകമായി കള്ളവാറ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിച്ചെങ്കിലും എക്സൈസിന്റെ ശക്തമായ ഇടപെടൽ കാരണം വ്യാജവാറ്റ് നിയന്ത്രിക്കാനായി. ഉദ്യോഗസ്ഥന്മാർ കൃത്യനിഷ്ടയോടെ കൊവിഡ് നിയന്ത്രണത്തിന് ഇറങ്ങിയതാണ് കോട്ടയം ഗ്രീൻസോണിലെത്താൻ കാരണമായി ഉയർത്തിക്കാട്ടാവുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് ...