കോട്ടയം: ലോക്ക് ഡൗണിനെ അതിജീവിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയമായി. അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെ.എൽ. ജോസിനാണ് (62) ഹൃദയം മാറ്റി വച്ചത്. ബൈക്ക് അപകടത്തിൽ മരിച്ച തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെതാണ് മാറ്റിവച്ച ഹൃദയം.
ശ്രീകുമാർ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ ബേബി ബിന്ദുവും മകൻ സ്വാതിനും അവയവദാന സമ്മതപത്രം നൽകിയതോടെയാണ് ഹൃദയം മാറ്റി വയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചത്. വീട്ടിലായിരുന്ന ജോസിനെ വിളിച്ചു വരുത്തി. പരിശോധനകളെല്ലാം പൂർത്തിയായതോടെ പുലർച്ചെ മൂന്നരയ്‌ക്ക് ഹൃദയം കൊണ്ടു വരാനുള്ള ആംബുലൻസ് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. ഒന്നേ മുക്കാൽ മണിക്കൂർ പിന്നിട്ട് 5.15 ന് ഹൃദയം കോട്ടയത്ത് എത്തിച്ചു. 5.25 ന് ആരംഭിച്ച ശസ്‌ത്രക്രിയ 7.30 ന് പൂർത്തിയായി.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ജോസ് രജിസ്റ്റർ ചെയ്‌തിരുന്നു. ശ്രീകുമാറിന്റെ ഹൃദയം ജോസിന്റെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ടീം വർക്കിന്റെ വിജയം
ഹൃദയ ശസ്‌ത്രക്രിയ വിജയിച്ചത് ടീം വർക്കിന്റെ മികവാണ്. ഹൃദയം ഒരു ശരീരത്തിൽ നിന്ന് വേർപെടുത്തിയെടുത്താൽ മിനിമം നാലു മണിക്കൂറിനുള്ളിൽ സ്ഥാപിക്കണം. ഇത് ചെയ്യണമെങ്കിൽ മുഴുവൻ പേരുടേയും അതീവജാഗ്രത വേണം. എങ്കിൽ മാത്രമേ വിജയിക്കൂ.
ഡോ.ടി.കെ ജയകുമാർ.
ഹൃദയ ശസ്‌ത്രക്രിയാ വിഭാഗം മേധാവി
കോട്ടയം മെഡിക്കൽ കോളേജ്.