കൊവിഡ് ഐസൊലേഷൻ ഡ്യൂട്ടിയെക്കുറിച്ച് നഴ്‌സ് സരിത

വൈക്കം: 'ലോകത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളിയാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇനിയും ജോലി ചെയ്യാൻ തയാറാണ്. ഭയമില്ല. സഹപ്രവർത്തകരുടെ നിലപാടും ഇത് തന്നെയാണ്. കർത്തവ്യ ബോധത്തിനുമപ്പുറം ഞങ്ങളെ നയിച്ചത് ഒരുപക്ഷേ ഒരുതരം പോരാട്ടവീര്യമാവണം. അതിർത്തിയിൽ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സൈനികന്റെ ആവേശം പോലെ എന്തോ ഒന്ന്...' കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇരുപത് ദിവസത്തെ കൊവിഡ് ഐസൊലേഷൻ ഡ്യൂട്ടി കഴിഞ്ഞ് നഴ്‌സ് സരിത പറയുന്നു.
'മക്കളെ കാണാത്ത വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ട് ദിവസത്തിൽ കൂടുതൽ അവരെ പിരിഞ്ഞു നിന്നിട്ടില്ല ഇതേവരെ. ഇതിപ്പോൾ ഡ്യൂട്ടിയും ക്വാറന്റൈനുമെല്ലാമായി ഒന്നര മാസമാണ് അവരിൽ നിന്ന് അകന്ന് നിന്നത്.
പി പി ഇ കിറ്റ് ധരിച്ച് തുടർച്ചയായി നാല് മണിക്കൂറാണ് ഒരു ദിവസത്തെ ഡ്യൂട്ടി. മിക്കപ്പോഴും ഇത് അഞ്ച് മണിക്കൂറാകും. ആ അഞ്ച് മണിക്കൂർ പ്രയാസമേറിയതാണ്. പക്ഷേ വാർഡിൽ പ്രവേശിച്ച് ജോലി തുടങ്ങിയാൽ അതൊന്നും അറിയില്ല. ടീം സ്പിരിറ്റാണ് അവിടെ കരുത്ത് പകരുന്നത്. ക്ലീനിംഗ് സ്റ്റാഫ് മുതൽ ഡോക്ടർമാർ വരെയുള്ളവർ ഒരു മനസോടെയാണ് ജോലി ചെയ്യുന്നത്. കൊവിഡ് ബാധിതർക്ക് കൂട്ടിരുപ്പുകാർ ഇല്ലാത്തതിനാൽ അവരെ ആഹാരവും മരുന്നുമെല്ലാം കഴിപ്പിക്കുന്നത് ഞങ്ങൾ തന്നെയാണ്. 22 കൊവിഡ് പോസിറ്റീവ് രോഗികളാണ് വാർഡിലുണ്ടായിരുന്നത്. രോഗ പ്രതിരോധത്തിനായി കർശന നിർദ്ദേശങ്ങളുണ്ടായിരുന്നു. ദിവസം നാലഞ്ച് പ്രാവശ്യം കുളിക്കും. ഓരോ തവണയും രോഗിയുടെ അടുത്ത് നിന്ന് പോരുമ്പോൾ ദേഹത്ത് അണുനാശിനി സ്‌പ്രേ ചെയ്യും. ഞങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണിത്. ഡ്യൂട്ടിയുടെ അവസാന നിമിഷങ്ങളിൽ രോഗ പ്രതിരോധത്തിനുള്ള പ്രത്യേക ആവരണത്തിനുള്ളിൽ വിയർത്തുകുളിക്കും. കണ്ണടകൾ വിയർപ്പ് മൂലം പുക പിടിച്ച പോലാകും. ഒന്നും കാണാനാവില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിനങ്ങളാണ് കടന്നുപോയത്. എറ്റവുമധികം നിർവൃതി പകർന്നു തന്നിരുന്നത് റിസൾട്ട് നെഗറ്റീവാണെന്ന വിവരം രോഗിയെ അറിയിക്കുന്ന നിമിഷങ്ങളായിരുന്നു. വീട്ടിൽ പോകാമെന്ന് പറയുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം. അത് കാണേണ്ടത് തന്നെയാണ്. മക്കളെ കാണാതെ കഴിയുന്നതിന്റെ സങ്കടമൊക്കെ ആ നിമിഷങ്ങളിൽ മറക്കും. ഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ നാട്ടുകാർ മാറി നിന്നപ്പോഴും ഭയാശങ്കകളില്ലാതെ ചേർത്തുപിടിച്ച കുടുംബമാണ് വീണ്ടും ജോലി ചെയ്യാൻ ആത്മവിശ്വാസം പകരുന്നത്...' സരിത പറഞ്ഞു.
കൊവിഡ് വാർഡിലെ ഡ്യൂട്ടിക്കായി സരിത ബുധനാഴ്ച വീണ്ടും ആശുപത്രിയിലേക്ക് പോകും. വൈയ്ക്കപ്രയാർ തടത്തിൽ അഭിലാഷിന്റെ ഭാര്യയാണ് സരിത. ആറാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണഗാഥയും മൂന്നാം ക്ലാസുകാരൻ കാർത്തിക്കുമാണ് മക്കൾ.