കോട്ടയം: അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 65 രോഗികൾക്ക് ജില്ലാ പഞ്ചായത്ത് ഒരു മാസത്തേയ്ക്കുള്ള ജീവൻ രക്ഷാമരുന്നുകൾ സൗജന്യമായി ലഭ്യമാക്കി. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി വിവിധ മരുന്നു കമ്പനികളുമായി ബന്ധപ്പെട്ടാണ് മരുന്നുകൾ സംഭരിച്ചത്. ഈ മരുന്നുകൾ ജനറൽ ആശുപത്രിയിൽ തരം തിരിച്ച് ഓരോ രോഗികൾക്കും പ്രത്യേകമായി പായ്ക്ക് ചെയ്ത് വീടുകളിൽ എത്തിക്കുകയായിരുന്നു.
മരുന്നുകൾ ഔപചാരികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആർ. എം. ഒ. ഡോ. ഭാഗ്യശ്രീയിൽ നിന്നും ഏറ്റുവാങ്ങി. . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചു.