കോട്ടയം: മറ്റു ജില്ലക്കാരെ അസൂയപ്പെടുത്തും വിധം ഗ്രീൻ സോണിലായ കോട്ടയം ജില്ലയിൽ ജനജീവിതം ചൊവ്വാഴ്ചയോടെ ഏറക്കുറെ സാധാരണ നിലയിലേക്ക് കടക്കുകയാണ്. തുടക്കത്തിൽ അഞ്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയത്ത് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ പോലും ആരും കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതെങ്ങനെ സാദ്ധ്യമായെന്ന് ചോദിച്ചാൽ കുഞ്ഞച്ചൻ സ്റ്റൈലിൽ കോട്ടയത്തുകാർ പറയും ' കോട്ടയമെവിടെക്കെടക്കുന്നു കൊവിഡ് എവിടെക്കിടക്കുന്നു
ഞാങ്ങളോടാണോടാ കളി'. പ്രതിരോധവും കരുതലും കൊണ്ട് കൊവിഡിനെ പിടിച്ചുകെട്ടിയ കോട്ടയത്തിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ പോലും വാർത്തയായി.കൊവിഡിനെ അതിജീവിച്ച രാജ്യത്തെ ഏറ്റവും മുതിർന്ന ദമ്പതികളായ 93 വയസുകാരനായ പത്തനംതിട്ട റാന്നി സ്വദേശി തോമസിലൂടെയും ഭാര്യ 88കാരിയായ മറിയാമ്മയിലൂടെയും കോട്ടയം മെഡിക്കൽ കൊളേജിന്റെ ഖ്യാതി ലോകാരോഗ്യസംഘടന വരെയെത്തി. ഇരുവരെയും ചികിത്സിച്ച നഴ്സ് രേഷ്മയ്ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പിന്നീട് ഭേദമായി. കോട്ടയം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടീം ഇപ്പോൾ കാസർകോട് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ്.
കോട്ടയത്തിന്റെ ചുമതല മന്ത്രി പി. തിലോത്തമനായിരുന്നു. കളക്ടറും ജില്ലാ പൊലീസ് മേധാവിയും രാഷ്ടീയ സമുദായ നേതാക്കളുമെല്ലാം മന്ത്രിക്ക് മികച്ച പിന്തുണ നൽകി. പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ ജില്ലാ ഭരണകൂടത്തെ ഞെട്ടിച്ച് തെരുവിലിറങ്ങിയെങ്കിലും അവരെ പെട്ടെന്ന് നിയന്ത്രിച്ചു.
കോട്ടയം മോഡൽ
അഞ്ചു രോഗികളെ ഭേദമാക്കിയതിന് പുറമേ മറ്റാരിലേക്കും രോഗം പടരാതെ നോക്കി
ശക്തമായ ഏകോപനം, ഫലപ്രദമായ ഐസൊലേഷൻ വഴി ഇത് സാദ്ധ്യമാക്കി.
പൊലീസ് പരിശോധന ശക്തമാക്കി .
മാലിന്യം നിറഞ്ഞ പ്രദേശങ്ങൾ ഫയർ ഫോഴ്സ് അണുവിമുക്തമാക്കി.
80 സമൂഹ അടുക്കളകൾ ഇപ്പോഴും വിജയകരമായി പ്രവർത്തിക്കുന്നു
എല്ലാം സീറോ
വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവർ -0
നിരീക്ഷണത്തിലുള്ളവർ -0
ജനങ്ങളുടെ വിജയമാണിത്.അധികൃതരുടെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിച്ചു. കോട്ടയത്തിന്റെ സാക്ഷരതയും സാമൂഹ്യ നിലയുമാണ് ഈ നേട്ടത്തിന് കാരണം.
-പി.കെ.സുധീർ ബാബു
ജില്ലാ കളക്ടർ