പൊൻകുന്നം : എത്ര പണിയെടുത്താലും എത്ര പണമെറിഞ്ഞാലും നന്നാകാത്ത റോഡെന്ന ചീത്തപ്പേര് അട്ടിക്കൽ പഴയചന്ത റോഡിന് സ്വന്തം. ഒരു കിലോമീറ്ററിലേറെ വരുന്ന ഈ റോഡ് പൊൻകുന്നം ടൗണിനോട് ചേർന്നാണ് കടന്നുപോകുന്നത്. അട്ടിക്കൽ കവലയിൽ തുടങ്ങി പഴയചന്ത ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിന്റെ ഏതാണ്ട് മദ്ധ്യഭാഗം പൂർണമായും തകർന്നു. ഇപ്പോൾ റോഡും തോടും കാടുമെല്ലാം ഒരുപോലെയായി. സഞ്ചാരയോഗ്യമല്ലാതായതിനാൽ ഇതുവഴി ആരും വരാറില്ല. ഇതൊരു അവസരമായി കണ്ട് മാലിന്യനിക്ഷേപവും പതിവായി.

മറുവഴി തേടി നാട്ടുകാർ
പ്രദേശത്ത് താമസിക്കുന്നവർ വീടുകളിലെത്താൻ മറുവഴികൾ തേടുകയാണ്. അറ്റകുറ്റപ്പണികളും റീടാറിംഗുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിയുമ്പോൾ റോഡിന്റെ അവസ്ഥ പഴയതുപോലാകും. കുത്തനെയുള്ള കയറ്റവും ഇറക്കവും നീരൊഴുക്കുമാണ് റോഡ് തകരാൻ കാരണമെന്നും ചില ഭാഗങ്ങളെങ്കിലും കോൺക്രീറ്റ് ചെയ്താൽ ഇതിന് പരിഹാരമാകുമെന്നുമാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

നിയന്ത്രണങ്ങൾ നീങ്ങിയാൽ പണി ആരംഭിക്കും
റോഡ് നന്നാക്കുന്നതിനായി രണ്ടു വാർഡുകൾക്കുമായി 2 ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. 4 ലക്ഷം രൂപയുടെ കരാർ നടപടികളും പൂർത്തിയായി. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ പണി ആരംഭിക്കും. നിലവിൽ ടാറിംഗ് റോഡായതിനാൽ കോൺക്രീറ്റ് ചെയ്യാൻ കഴിയില്ല.സ്ഥിരമായി തകരുന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് കട്ട വിരിക്കുന്നകാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അതിനും ചില സാങ്കേതിക തടസങ്ങളുണ്ടെന്നാണ് അറിയിച്ചത്.

മോളിക്കുട്ടി തോമസ്,ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം

ചിറക്കടവ് പഞ്ചായത്തിന്റെ 1,20 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്

പൊൻകുന്നത്തെ രണ്ടു ഹൈവേകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാത