വൈക്കം : താലൂക്ക് ആശുപത്രിയുടെ പൂമുഖത്തെ സുഗന്ധം പരത്തുന്ന പൂന്തോട്ടം ശ്രദ്ധേയമാകുന്നു. കൊവിഡ് ജാഗ്രത പ്രവർത്തനങ്ങൾക്കിടയിലും ഒഴിവ് സമയങ്ങളിൽ ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പി.എൻ.പൊന്നപ്പനും പൂന്തോട്ടത്തിന്റെയും ഹരിതാഭ തീർക്കുന്ന പച്ചക്കറികളുടേയും പരിചരണം വിട്ടുവീഴ്ചയില്ലാതെ ചെയ്യുകയാണ്. ആശുപത്രിയുടെ മുൻവശം പുല്ലുപടർന്ന് മാലിന്യങ്ങൾ കുന്നുകൂടാതെ ആരോഗ്യകരമായ അന്തരീക്ഷമൊരുക്കണമെന്ന അധികൃതരുടെ തീരുമാനമാണ് പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നതിലെത്തിച്ചത്. നാലുമാസം മുമ്പ് ആശുപത്രിയുടെ വളപ്പ് പരിരക്ഷിക്കുന്നതിനു ചുമതലയുള്ള സിസ്റ്റർ പ്രസന്ന പൂച്ചെടികൾ വാങ്ങി പൂന്തോട്ടം ഒരുക്കാൻ പൊന്നപ്പനെ ഏൽപിക്കുകയായിരുന്നു. പൂച്ചെടികൾ നട്ടു വളർത്തിയതിനു പുറമെ പയർ,വെണ്ട,വഴുതന, പപ്പായ ഇനമായ റെഡ് ലേഡി തുടങ്ങിയവയും നട്ടു. ഇതിൽ പയറിന്റെ വിളവെടുപ്പും ആരംഭിച്ചു.