വൈക്കം : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആയുർ രക്ഷാക്ലിനിക്കിന്റെ പ്രവർത്തനം താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ തുടങ്ങി. സി.കെ.ആശ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ആയുർ രക്ഷാക്ലിനിക്കിന്റെ കീഴിൽ ഏകോപിപ്പിക്കുന്നതാണ് പദ്ധതി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനും രോഗം ഭേദമായവർക്കുള്ള ആരോഗ്യ പുനഃസ്ഥാപനത്തിനും ആവശ്യമായ ഔഷധങ്ങളും, ചികിത്സാ നിർദ്ദേശങ്ങളുമാണ് ക്ലിനിക്ക് വഴി ലഭ്യമാക്കുന്നത്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള കഷായ ചൂർണ്ണങ്ങൾ, ഗുളികകൾ, പാനിയങ്ങൾ എന്നിവ വിതരണം ചെയ്യും. രോഗത്തെ മൂന്നുഘട്ടങ്ങളായി തിരിച്ച് അതാത് സമയങ്ങളിൽ നടപ്പാക്കേണ്ട ചികിത്സാ രീതികളും മരുന്നുകളുമാണ് നടപ്പാക്കുന്നത്. വിവിധ വകുപ്പുകളിലെ ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, ഫയർഫോഴ്‌സ് എന്നിവർക്ക് ചികിത്സാ രീതികളുടെ പരിശീലനം നൽകും. ഹൈ റിസ്‌ക് ഗ്രൂപ്പിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ മരുന്നുകൾ നൽകുന്നത്. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു, ചീഫ് മെഡിക്കൽ ഓഫീസർ വി. വി. അനിൽകുമാർ, ഡോ. പി. ആർ. അമ്പിളി, ഡോ. ധന്യ, ആശുപത്രി വികസന സമിതി മെമ്പർ ജോൺസൺ, സ്റ്റാഫ് പ്രതിനിധി സനൽ, ആശാ പ്രവർത്തക ഷാലിമോൾ എന്നിവർ പങ്കെടുത്തു.