changayee-app
ചിത്രം: ചങ്ങായി ആപ്പ്

അടിമാലി: ലോക്ക്ഡൗൺ കാലത്ത് സുരക്ഷിതരായി വീട്ടിലിരിക്കാൻ അടിമാലിക്കാർക്ക് കൂട്ടിന് 'ചങ്ങായി"യുണ്ട്. പഞ്ചായത്ത് പരിധിയിൽ ആരെങ്കിലും അവശ്യ സാധനങ്ങൾ ആവശ്യപ്പെട്ടാൽ 'ചങ്ങായി" ആപ്പ് മുഖാന്തിരം അവ വീട്ടുപടിക്കലെത്തും. ജില്ലാ കോ​-ഓർഡിനേറ്റർ ഡോ. അനൂപ് നാരായണന്റെ ആശയമാണ് ഈ ആപ്ലിക്കേഷൻ. കിലയുടെ പിന്തുണയോടെ സോഫ്‌റ്റ്‌‌വെയർ ഡെവലപ്പേഴ്സായ അവിനാഷും അസ്ലമും ചേർന്നാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. സമ്പൂർണ അടച്ചിടലിനെ തുടർന്ന് വീട്ടിലിരിക്കുന്നവർക്ക് ആശ്രയമാണ് ചങ്ങായി. ഇതിനായി പഞ്ചായത്തിൽ നാല് നമ്പരുകളിലായി കാൾ സെന്റർ ക്രമീകരിച്ചിട്ടുണ്ട് (9446836178, 6282988186, 9645912144, 8281434652, 9895952183). ആവശ്യക്കാർ കാൾ സെന്ററിലേക്ക് വിളിച്ച് സാധനങ്ങളുടെ ലിസ്റ്റ് പറയുന്നതോടെ അവ ആപ്പിൽ രജിസ്റ്റർ ആവും. ഓർഡർ നൽകുമ്പോൾ പേര്, വാർഡ്, വീട്ടു നമ്പർ എന്നിവ കൃത്യമായി പറയണം. ഓരോ വാർഡിലും നിയമിച്ചിട്ടുള്ള വോളന്റിയർമാർക്ക് ഇതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും. ഇവർ സാധനങ്ങൾ വീടുകളിൽ എത്തിക്കും. സാധനമെത്തിച്ച ശേഷം മാത്രം പണം നൽകിയാൽ മതി. വിവരങ്ങൾ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ പ്രവർത്തനങ്ങൾ സുതാര്യമാണ്. ആപ്പ് ഉപയോഗപ്പെടുത്തുന്നതിന് അധിക ചിലവും ഈടാക്കില്ല. ആവശ്യക്കാർക്ക് കോൾസെന്റർ വഴിയല്ലാതെ നേരിട്ട് സാധനങ്ങൾ ഓർഡർ ചെയ്യാനുള്ള വെബ്‌പേജും ആപ്പും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

'കൊവിഡ് കാലത്ത് മാത്രമല്ല പ്രളയം പോലുള്ള മറ്റ് അടിയന്തരഘട്ടങ്ങളിലും ഈ ആപ്പ് പ്രയോജനപ്പെടുത്താം"

​-കെ.എൻ. സഹജൻ (അടിമാലി പഞ്ചായത്ത് സെക്രട്ടറി)