പാലാ : ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി ഇടപെട്ടതോടെ മാനസിക വൈകല്യമുളള കട്ടിയെ മോചിപ്പിച്ച് മരിയസദനത്തിലെത്തിച്ചു. രാമപുരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ പ്രശാന്ത് കുമാറിനെ ആദരിക്കാൻ ഇന്നലെ രാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാമപുരം വെളളിലാപ്പള്ളി കോളനിയിൽ താമസിക്കുന്ന മറ്റക്കാട്ട് ബിജുവിന്റെ ദുരിത ജീവിതത്തെക്കുറിച്ച് പ്രമീളാദേവിയും കൂടെയുണ്ടായിരുന്നവരും അറിയുന്നത്. അധികമാരും അറിയാത്ത ആ ദുരന്തകഥ പ്രശാന്ത് തന്നെയാണ് പറഞ്ഞത്.
പാർക്കിൻസൺ രോഗവും മാനസികാസ്വാസ്ഥ്യവുമുള്ളയാളാണ് ബിജു. കുളിച്ചിട്ട് മാസങ്ങളായി. കൈയുടെ വിറയൽ കാരണം സ്വന്തമായി മുണ്ടുടുക്കാൻ പോലും കഴിയുമായിരുന്നില്ല. ഏതാനും വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയി. മൂന്ന് മക്കൾ. മൂത്ത രണ്ട് പെൺകുട്ടികൾ അനാഥാലയത്തിൽ.12 കാരനായ ഇളയ കുട്ടിയാണ് കൂടെയുണ്ടായിരുന്നത്. ഭിക്ഷ യാചിച്ചും അയൽക്കാരുടെ കാരുണ്യം കൊണ്ടുമാണ് പട്ടിണി മാറ്റിയിരുന്നത്. വാർഡംഗം ഷൈനി സന്തോഷ് പറഞ്ഞ് വിവരമറിഞ്ഞാണ് പ്രശാന്ത് കുമാറും വനിത ബീറ്റ് ഓഫീസർ തങ്കമ്മയും ബിജുവിന്റെ വീട്ടിലെത്തിയത്. ക്ഷീണിതനായി കിടന്ന ബിജുവിന്റെ മുടി വെട്ടി,കുളിപ്പിച്ചു. മാനസികനില തെറ്റിയ മകനെയും കുളിപ്പിച്ചു. ഭക്ഷണം നൽകി. വിവരം കേട്ട പ്രമീളാദേവി പാലാ മരിയ സദൻ ഡയറക്ടർ സന്തോഷുമായി ബന്ധപ്പെട്ടു. കുട്ടിയെ മരിയസദനം ഏറ്റെടുത്തു. ബിജുവിന്റെ ചികിത്സ കാര്യങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് ഒപ്പമുണ്ടയിരുന്ന ബി.ജെ.പി ഭാരവാഹികൾക്ക് പ്രമീളാദേവി നിർദ്ദേശം നൽകി.