അടിമാലി: നിരോധനാജ്ഞ വകവയ്ക്കാതെ കറങ്ങിയതിന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് യുവാവ് നടുറോഡിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശാണ് (22) ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
തമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ചിന്നക്കനാലടക്കമുള്ള മേഖലയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് അവഗണിച്ച് ബൈക്കിൽ കറങ്ങി നടന്ന യുവാവിനെ സൂര്യനെല്ലി ടൗണിൽ വച്ച് ശാന്തമ്പാറ പൊലീസ് തടയുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടർന്ന് സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുന്നിലെത്തിയ യുവാവ് കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. നാട്ടുകാർ ചേർന്ന് തീ അണച്ച് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. യുവാവ് ലഹരിക്കടിമയാണെന്ന് ശാന്തമ്പാറ പൊലീസ് പറഞ്ഞു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം നിയമം ലംഘിച്ച് ബൈക്കിൽ സുഹൃത്തുക്കളുമായി കറങ്ങി നടന്നതിന് നിരവധി തവണ ഇയാളെ താക്കീത് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.