strike
അടിമാലി വ്യാപര ഭവൻ ഓഫീസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപവാസ സമരം

അടിമാലി: കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വ്യാപാര സമൂഹത്തിന് അർഹമായ ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാറ്റിന്റെ പേരിൽ നികുതിയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾക്ക് നോട്ടീസ് അയച്ചത് അംഗീകരിക്കാനാകില്ല. വാറ്റിന് ശേഷം ജി.എസ്.ടി ഏർപ്പെടുത്തിയതോടെ വാറ്റിന്റെ പ്രസക്തി നഷ്ടമായെന്നാണ് വ്യാപാര സമൂഹത്തിന്റെ വാദം. ഇക്കാരണത്താൽ തന്നെ ഇതിന്റെ പേരിൽ വ്യാപാരികൾക്ക് നോട്ടീസ് അയക്കുന്നത് അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഉപവാസ സമരം നടന്നു. വ്യാപാര ഭവൻ ഓഫീസിലായിരുന്നു അടിമാലിയിൽ സമരം സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അഞ്ച് പേരിൽ കൂടാതെ സാമൂഹ്യ അകലം പാലിച്ചായിരുന്നു ഓഫീസുകളിൽ ഉപവാസ സമരം സംഘടിപ്പിച്ചത്.