വൈക്കം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാംഘട്ട വിതരണം 22 ന് ആരംഭിക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകാർക്കാണ് കിറ്റ് വിതരണം. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്യയോജന പദ്ധതി പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കുള്ള സൗജന്യ അരി വിതരണം തിങ്കളാഴ്ച തുടങ്ങും. കാർഡിലെ ഒരംഗത്തിന് അഞ്ച് കിലോ അരി വീതമാണ് ലഭിക്കുക. 20, 21 തീയതികളിൽ മഞ്ഞക്കാർഡുകാർക്കും 22 മുതൽ പിങ്ക് കാർഡ് ഉടമകൾക്കും അരി വിതരണം ചെയ്യും. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണമേർപ്പെടുത്തിയാണ് സൗജന്യ അരിയുടെയും കിറ്റിന്റെയും വിതരണം. ഒന്നിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കാണ് 22ന് കിറ്റുകൾ വിതരണം ചെയ്യുന്നത്. രണ്ടിന് 23, മൂന്നിന് 24, നാലിന് 25, അഞ്ചിന് 26, ആറിന് 27, ഏഴിന് 28, എട്ടിന് 29, ഒമ്പത്, പൂജ്യം എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്ക് 30ന് എന്ന രീതിയിലാണ് ക്രമീകരണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കും റേഷൻ വിതരണം. നിയോജക മണ്ഡലത്തിലെ വൈക്കം, ചെമ്പ്, കല്ലറ, മറവൻതുരുത്ത്, തലയോലപ്പറമ്പ്, ബ്രാഹ്മമംഗലം, വരിക്കാംകുന്ന് എന്നിവിടങ്ങളിലെ സൗജന്യ ഭക്ഷണ്യധാന്യ കിറ്റുകളുടെ പാക്കിങ് കേന്ദ്രങ്ങൾ സി.കെ ആശ എം.എൽ.എ സന്ദർശിച്ചു. പാക്കിംഗ് ജോലികൾ പുരോഗമിക്കുകയാണെന്നും ഓരോ കാർഡ് ഉടമകൾക്കും നിശ്ചയിക്കപ്പെട്ട ദിവസം തന്നെ ലഭ്യമാകത്തക്കവിധം കിറ്റുകളുടെ പാക്കിംഗ് സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.