രാജകുമാരി: സൂര്യനെല്ലിക്ക് സമീപം ചെന്നായക്കൂട്ടം ഓടിച്ചു കൊണ്ടുവന്ന മ്ലാവ് ചത്തു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സൂര്യനെല്ലി ടൗണിൽ നിന്ന് 200 മീറ്റർ ദൂരത്തായി ജനവാസ മേഖലയിലേക്ക് ചെന്നായ് കൂട്ടം തുരത്തി ഓടിച്ചു കൊണ്ടുവന്ന മ്ളാവ് അവശനിലയിലായി. നാട്ടുകാരെ കണ്ട് ചെന്നായ് കൂട്ടം കാട്ടിലേക്ക് പിന്തിരിഞ്ഞ് പോയി. തുടർന്ന് അവശനിലയിലായ മ്ളാവിന് നാട്ടുകാർ കുടിക്കാൻ വെള്ളം നൽകിയെങ്കിലും ഉടൻ ചത്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ മ്ളാവിന്റെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്തു. ഹൃദയാഘാതം മൂലമാണ് മ്ളാവ് ചത്തതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. നൂറ് കിലോയിലധികം തൂക്കമുള്ള മ്ളാവിന്റെ ജഡം സംസ്‌കരിച്ചു.