lock-down-

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിൽ ലോക്ക് ഡൗണിനോട് അനുവദിച്ചുള്ള ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ജനം ഇരുചക്രവാഹനങ്ങളിലും കാറുകളിലും നഗരങ്ങളിലേക്ക് ഏത്തിത്തുടങ്ങി. ആവശ്യമില്ലാതെ തന്നെ ആളുകൾ ഇളവുകൾ ''ആഘോഷമാക്കാൻ'' റോഡിലിറങ്ങിയതോടെ പൊലീസ് കർശന പരിശോധനയുമായി രംഗത്തിറങ്ങി. വാഹനങ്ങളുടെ അവസാന അക്കങ്ങളായ 1,3,5,7,9 നമ്പറുകൾക്കാണ് ഇന്ന് റോഡിലിറങ്ങാൻ അനുമതി നല്കിയിരുന്നതെങ്കിലും ഇരട്ടനമ്പറുകളിലുള്ള വാഹനങ്ങളും നിരത്തിലിറങ്ങി.

എല്ലാ നിയന്ത്രണങ്ങളും ജനം കാറ്റിൽ പറത്തിയെന്ന് ബോദ്ധ്യമായതോടെ ഒൻപതുമണിയോടെ കർശന പരിശോധന നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് റോഡിലിറങ്ങി കീഴ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇടുക്കി ജില്ല ഗ്രീൻ സോണിലാണ് ഉൾപ്പെടുന്നതെങ്കിലും തമിഴ്നാട്-കേരള അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ പൂർണ ഇളവ് നല്കിയിട്ടില്ല. അവിടെ റോഡുകളിൽ ബാരിക്കേഡ് വച്ച് കഴിഞ്ഞദിവസങ്ങളിലേതുപോലെ പരിശോധന തുടരുകയാണ്.

കോട്ടയം ജില്ലയിൽ ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുമതി നല്കിയിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഓട്ടോറിക്ഷകൾ കൂടുതലായി നിരത്തുകളിലുണ്ട്. നേരത്തെതന്നെ പച്ചക്കറി, പലചരക്ക് കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. പതിവുപോലെ കടകൾ മിക്കതും രാവിലെ തന്നെ തുറന്നു. കോട്ടയം പച്ചക്കറി മാർക്കറ്റിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ മത്സ്യ മാർക്കറ്റിൽ നല്ല തിരക്കാണ് ഇന്ന് രാവിലെ ഉണ്ടായത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയിലും മറ്റ് കേന്ദ്രങ്ങളിലും വാഹനങ്ങൾ കൂടുതലായി നിരത്തിറങ്ങി. കടകൾ കൂടുതലായി തുറന്നിട്ടുണ്ട്. കൂടുതലായി ജീപ്പുകളും കാറുകളും ബൈക്കുകളും റോഡുകളിൽ പ്രത്യക്ഷപ്പെട്ടു.

ഇന്ന് സർക്കാർ ഓഫീസുകളും മറ്റും പ്രവർത്തിച്ചുതുടങ്ങുന്നതിനാൽ കോട്ടയം ടൗണിൽ കൂടുതൽ സ്വകാര്യ വാഹനങ്ങളെത്തുന്നുണ്ട്.