കോട്ടയം: ലോക്ക്ഡൗണിൽ സംസ്ഥാനത്ത് നശിച്ചത് ഏഴരകോടി രൂപയുടെ സിമന്റ്. ഒരു മാസത്തോളം കട തുറക്കാതിരുന്നതിനാൽ ഗോഡൗണുകളിൽ അട്ടിവച്ചിരുന്ന രണ്ട് ലക്ഷം ചാക്ക് സിമന്റാണ് കട്ടയായി നശിച്ചത്. ലോക്ക്ഡൗണിൽ നാല് ജില്ലകൾ ഒഴികെ കടകൾ തുറക്കാൻ അനുമതി നല്കിയിട്ടുണ്ടെങ്കിലും സിമന്റ് കട തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നല്കിയിട്ടില്ല. ഇതോടെ സിമന്റ് വ്യാപാരികൾക്ക് വൻ തുകയാണ് നഷ്ടമായിട്ടുള്ളത്. നഷ്ടത്തുക സർക്കാർ നല്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന സിമന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സർക്കാരിന് നിവേദനം നല്കി.
നിർമ്മാണ മേഖലയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും സിമന്റോ കമ്പിയോ ഇല്ലാതെ കെട്ടിടനിർമ്മാണം എങ്ങനെ നടക്കുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. തന്നെയുമല്ല, അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യുവാനുള്ള അനുമതിയും കേരള സർക്കാർ നല്കിയിട്ടുണ്ട്.
നശിച്ചുപോയ സിമന്റ് തിരിച്ചെടുക്കണമെന്ന് വ്യാപാരികൾ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ വ്യാപാരികളുടെ ആവശ്യത്തോട് പുറംതിരിഞ്ഞ് നില്ക്കുകയാണ്. പിന്നെ എങ്ങനെ തങ്ങൾക്കുണ്ടായ നഷ്ടം നികത്തുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. സംസ്ഥാനത്തിൽ വലുതും ചെറുതുമായ ആറായിരത്തോളം സിമന്റ് വ്യാപാരികളാണ് ഉള്ളത്.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ സിമന്റ് എത്തുന്നത്. മലബാർ സിമന്റ്സ് ഗ്രേസിമന്റ് ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ആവശ്യത്തിന് 10 ശതമാനം പോലും തികയില്ല. കോട്ടയത്തെ നാട്ടകം ട്രാവൻകൂർ സിമന്റ്സ് വെള്ള സിമന്റ് ഉല്പാദിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഉല്പാദനം നാമമാത്രമാണ്.