എലിക്കുളം : നല്ല വിള കിട്ടിയപ്പോൾ വില തീരെയില്ലാത്ത അവസ്ഥയിൽ കണ്ണീരുമായി കർഷകർ. കാരക്കുളം കാപ്പുകയം പാടശേഖരത്ത് വിളയുന്ന പച്ചക്കറി വിഭവങ്ങളായ പടവലം, പയർ, എന്നിവക്ക് വിപണി വിലയുടെ പകുതിപോലും ലഭിക്കുന്നിന്നില്ല. ഇതു മൂലം കർഷകർക്ക് മുടക്കുമുതലോ അദ്ധ്വാനത്തിന്റെ പ്രതിഫലമോ കിട്ടാത്ത സാഹചര്യമാണുള്ളത്. വിപണിയിൽ കിലോ 60 രൂപ വിലയുള്ള പടവലം പല സ്ഥലങ്ങളിൽ എത്തിച്ചിട്ടും വില ലഭിക്കാത്ത കർഷകൻ ഒടുവിൽ 12 രൂപയ്ക്കാണ് വിറ്റത്. വിപണിയിൽ 70 രൂപ വിലയുളള പച്ചപ്പയറിന് ലഭിച്ചതാവട്ടെ 40 രൂപയും. ആവശ്യക്കാർ കടകളിലെത്തുമ്പോൾ നാടൻ പച്ചക്കറിയെന്ന് പറഞ്ഞ് വിലകൂട്ടിയാണ് വിൽക്കുന്നത്. എന്നിട്ടും കർഷകന് ന്യായമായ വില കൊടുക്കാൻ തയ്യാറല്ല. പാടത്ത് വിളഞ്ഞുനിൽക്കുന്ന പച്ചക്കറികൾ വിപണിയിലെത്തിച്ച് ന്യായ വിലയ്ക്ക് വിറ്റെങ്കിൽ മാത്രമേ അടുത്ത വിളവിറക്കാൻ കർഷകന് സാധിക്കൂ. വേനൽമഴ ലഭിച്ചസാഹചര്യത്തിൽ പുതിയ കൃഷി എങ്ങനെ ഇറക്കുമെന്ന ആശങ്കയിലാണ് കർഷകർ.