കോട്ടയം: ലോക്ക് ഡൗണിൽ ഇളവു ലഭിച്ചതോടെ ആവശ്യത്തിനും അനാവശ്യത്തിനും നാട്ടുകാർ നഗരത്തിലിറങ്ങി. ഇന്നു മുതലാണ് ഇളവുകൾ അനുവദിക്കുന്നതെന്നു ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നതെങ്കിലും കോട്ടയം നഗരത്തിലേയ്ക്ക് ഇന്നലെത്തന്നെ ആളുകൾ നിയന്ത്രണമില്ലാതെ കടന്നു വന്നു.

കടകൾ ഇങ്ങനെ

കടകൾ എല്ലാം തുറന്നെങ്കിലും ശുചീകരണ പ്രവർത്തനങ്ങളാണ് പ്രധാനമായും നടന്നത്. എന്നാൽ, പലചരക്ക് , പച്ചക്കറിക്കടകളിൽ വൻ തിരക്കായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചാണ് പലരും പ്രവർത്തിച്ചത്. പല കടകൾക്കു മുന്നിലും ആളുകൾ കൂട്ടം കൂടി നിന്നു.


സ്വകാര്യ വാഹനങ്ങൾ

പൊലീസ് തടയാനില്ലാതെ വന്നതോടെ നഗരത്തിൽ രാവിലെ മുതൽ സ്വകാര്യ വാഹനങ്ങൾ കൂട്ടത്തോടെ എത്തി. കടകൾക്കു മുന്നിൽ നിയന്ത്രണങ്ങൾ ലംഘിച്ചാണ് പലരും വാഹനങ്ങൾ നിർത്തിയിട്ടത്. ഉച്ചകഴിഞ്ഞതോടെ തിരക്ക് കുറഞ്ഞു.


പരിശോധനയില്ല

പൊലീസ് പിക്കറ്റുകൾ എങ്ങും ഉണ്ടായിരുന്നില്ല. പല സ്ഥലത്തും വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി മാസ്‌ക്ക് ധരിക്കണമെന്ന നിർദേശം മാത്രമാണ് നൽകിയത്. ജില്ലയിലേയ്ക്കുള്ള പ്രവേശനകവാടങ്ങളിൽ മാത്രമാണ് പൊലീസ് പരിശോധനയുണ്ടായിരുന്നത്.


ഹോട്ടലുകൾ തുറന്നില്ല

ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകൾ ഒഴികെ മറ്റൊരു ഹോട്ടലും തുറന്നില്ല. ചില ഹോട്ടലുകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്നു മുതൽ തുറക്കാമെന്നാണ് കരുതിയതെങ്കിലും അനുമതി ഇല്ലെന്നറിഞ്ഞതോടെ നീക്കം ഉപേക്ഷിച്ചു.

മാസ്‌ക്ക് ശീലമാക്കുന്നു

വാഹനങ്ങളിലും അല്ലാതെയുമായി പൊതുനിരത്തിലിറങ്ങിയവരിൽ 90 ശതമാനവും സർക്കാർ നിർദേശം അനുസരിച്ച് മാസ്‌ക്ക് ധരിച്ചിട്ടുണ്ടായിരുന്നു. അല്ലാത്തവരെ പൊലീസ് തടഞ്ഞു നിർത്തി ബോധവത്‌കരണം നടത്തി.