കോട്ടയം: ബാറും ബിവറേജസും പൂട്ടിയപ്പോൾ സ്വന്തമായി വാറ്റാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടവരേറെയുണ്ട്. എന്നാൽ കണ്ണു വെട്ടിക്കാൻ പുതിയ തന്ത്രങ്ങൾ ലഹരിയാക്കിയവരുമുണ്ട്. ലോക്ക് ഡൗൺകാലത്തെ എക്സൈസ് പൊലീസ് അനുഭവങ്ങളിങ്ങനെ.
അരിഷ്ടം വാങ്ങാനും 'ഷെയർ'
ആയുർവേദത്തിലുള്ള വിശ്വാസം പെട്ടെന്നു വർദ്ധിച്ചത് പോലെ തോന്നും അരിഷ്ടക്കടകളിലെ തിരക്ക് കണ്ടാൽ. ചില അരിഷ്ടങ്ങളും ചെറിയ ലഹരി നൽകുമെന്നാണ് വലിയ വിഭാഗത്തിന്റെ പ്രത്യാശ. അരിഷ്ടത്തിൽ ചാരായം ചേർത്തു വിൽക്കുന്നവരെ എക്‌സൈസ് അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. മുൻപ് ആഴ്ചയിലൊന്നോ രണ്ടാഴ്ചയിലൊന്നോ ഒക്കെ എത്തിയിരുന്ന അരിഷ്ട വണ്ടികൾ ഇപ്പോൾ ഓടിത്തളരുകയാണ്. ആഴ്ചയിൽ പല തവണ എത്തിയിട്ടും സ്റ്റോക്ക് പെട്ടെന്നു തീരുന്നു. 'ഷെയർ' ഇട്ടു മദ്യം വാങ്ങുന്ന ശൈലിയിൽ നാട്ടിൻപുറങ്ങളിൽ ഇപ്പോൾ അരിഷ്ടം വാങ്ങാനും ഓഹരി പങ്കാളിത്തം ലഭ്യമാണത്രേ.
കിട്ടാത്തതിന്റെ കലിപ്പ് ഒറ്റിത്തീർക്കും
തുള്ളി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പകയോടെയുള്ള ഒറ്റാണ് പലപ്പോഴും എക്‌സൈസിന്റെ തുമ്പ്. വിവരങ്ങളൊക്കെ കൃത്യമായിരിക്കും. പക്ഷേ, വ്യാജമദ്യത്തിന്റെ പേരിലുള്ള വിളിയിലും വ്യാജനുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള വിളികൾക്ക് കുറവില്ല. അതിര് തർക്കം, മറ്റ് കശപിശകളെല്ലാം തീർക്കാൻ ഇപ്പോൾ വാറ്റാണ് ആയുധം . തൊട്ടടുത്ത വീട്ടിലുള്ളയാൾക്കെതിരെയാവും ചില വിളികൾ. അവിടെ വാറ്റൊന്നുമുണ്ടാവില്ല. വെറും പകയോടെയുള്ള ഇത്തരം വിളികൾ ഉദ്യോഗസ്ഥരുടെ സമയവും അദ്ധ്വാനവും ഏറെ നഷ്ടപ്പെടുത്തുന്നു. വിളിയിലെ വ്യാജൻമാരെ കണ്ടെത്തി നടപടിയെടുക്കാൻ സൈബൽ സെൽ വഴി ശ്രമം തുടങ്ങിയിട്ടുണ്ട്
എന്റെ ശർക്കരക്കൂട്ടാ
ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ശർക്കരയ്ക്കാണ് ഡിമാൻഡ് കൂടിയത്. സമാനമായി ബാറ്ററി, പഴവർഗങ്ങൾ തുടങ്ങിയവയുടെ വിപണിയും ഉണർന്നിട്ടുണ്ട്! എന്തായാലും ശർക്കര അധികമായി വാങ്ങുന്നവരുടെ വിവരങ്ങൾ പലചരക്കു കടകളിൽനിന്നു ശേഖരിച്ച് ഉദ്യോഗസ്ഥർ അവരുടെ പിന്നാലെയുണ്ട്. യൂട്യൂബിൽ നോക്കി വൈനുണ്ടാക്കുന്നവരും കുറവല്ല. 'ഗാർഹിക ആവശ്യങ്ങൾക്ക്' മാത്രമായി വാറ്റുന്നവരുടെ പുതിയനിരയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായവരിൽ റിട്ട. ബാങ്ക് ജീവനക്കാരൻ വരെയുണ്ട്.