പാലാ : അടച്ചുപൂട്ടലിന് താത്കാലിക ഇളവ് അനുവദിച്ചതോടെ പാലാ നഗരത്തിൽ വലിയ ജനത്തിരക്ക്. രാവിലെ ഏഴ് മുതൽ നൂറുകണക്കിന് ആളുകളാണ് സ്വകാര്യവാഹനങ്ങളിലെത്തിയത്. ഇതോടെ രണ്ട് മണിക്കൂറോളം നഗരം ഗതാഗതക്കുരുക്കിലമർന്നു. ഇതിനിടെ തിരക്ക് കാണാനും മറ്റും നഗരത്തിലേക്ക് നിരവധിയാളുകൾ എത്തിക്കൊണ്ടേയിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ കടുത്ത നിർദ്ദേശങ്ങളും മൈക്ക് അനൗൺസിമെന്റുമായി പൊലീസ് എത്തി. ഇതോടെയാണ് തിരക്കിന് ശമനമായത്.
ഗ്രീൻ സോണിൽ ഉൾപ്പെട്ട ജില്ലയിൽ ഇളവുകൾ 21 മുതലേ പ്രാബല്യത്തിൽ വരികയെങ്കിലും നഗരങ്ങളിൽ ഇന്നലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. പാലാ, സമീപപ്രദേശങ്ങളായ രാമപുരം, പ്രവിത്താനം, ഭരണങ്ങാനം, പൈക, കിടങ്ങൂർ മേഖലകളിൽ വൻതോതിൽ വാഹനങ്ങൾ നിരത്തിലിറങ്ങി. അതേസമയം പൊലീസ് കാര്യമായ പരിശോധനകൾ ഒഴിവാക്കിയതും പുറത്തിറങ്ങിയവർക്ക് ഗുണമായി.
പൊലീസ് ഇറങ്ങി, കടകളടച്ചു
പച്ചക്കറി വ്യാപാരം, ബേക്കറികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ തുറന്നു. രാവിലെ 9 മണിയോടെ ഒട്ടുമിക്ക വ്യാപരസ്ഥാപനങ്ങളും തുറന്നു. ഇതറിഞ്ഞെത്തിയ കാഴ്ചക്കാരായിരുന്നു ഏറെയും. പോക്കറ്റ് റോഡുകളെല്ലാം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിലായിരുന്നു. മുന്നറിയിപ്പുമായി പൊലീസെത്തിയതോടെ ശുചീകരണപരിപാടികൾ നടത്തി വ്യാപാരികൾ കടകളടച്ചു. ബേക്കറി, പലചരക്ക്, പച്ചക്കറി, അവശ്യസാധന വില്പശാല, മെഡിക്കൽ സ്റ്റോറുകൾ എന്നിവ മാത്രമാണ് മുഴുവൻ സമയവും പ്രവർത്തിച്ചത്. നാളുകളായി അടഞ്ഞുകിടന്ന സ്ഥാപനങ്ങൾ തുറന്നു വൃത്തിയാക്കാൻ ഉടമകൾ സമയം കണ്ടെത്തി. അതിനിടെ, രാവിലെ തന്നെ വൃത്തിയാക്കൽ നടപടികൾ ആരംഭിച്ച ബാർബർ ഷോപ്പ് ഉടമകൾക്ക് തിരിച്ചടിയായി പുതിയ ഉത്തരവെത്തി.
പൊലീസ് മുന്നറിയിപ്പ്
എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം
കൂട്ടം കൂടാൻ പാടില്ല, കടയ്ക്കുള്ളിൽ 4 പേർ
എല്ലാ കടകളിലും സാനിറ്റൈസർ കരുതണം
ഹോട്ടലുകളിൽ പാഴ്സൽ മാത്രം
വാഹനപരിശോധനയിലും ഇളവ്
നഗരത്തിൽ പൊലീസ് ഉണ്ടായിരുന്നുവെങ്കിലും വാഹനപരിശോധനയിൽ ഇളവ് നൽകി. എങ്കിലും കറങ്ങാനിറങ്ങിയവരെ പൊലീസ്പിടികൂടി. രേഖകളില്ലാത്ത വാഹനങ്ങളുമായെത്തിയ 8 പേർക്കെതിരെ പാലാ പൊലീസ് കേസെടുത്തു. രാമപുരത്ത് 6 ഉം കിടങ്ങൂരിൽ 3 കേസുകളും എടുത്തിട്ടുണ്ട്.