കോട്ടയം : സ്വർണ വ്യാപാരശാലകളിൽ കോടികളുടെ ബിസിനസ് നടക്കാറുള്ള അക്ഷയതൃതീയ ഈ വർഷം കൊവിഡിൽ മുങ്ങി. 26 നാണ് സർവ ഐശ്വര്യങ്ങളുടെയും സമൃദ്ധിയുടെയും ദിനമായി സ്വർണം വാങ്ങാൻ ഉത്തമ മുഹൂർത്തമായി കണക്കാക്കുന്ന അക്ഷയ തൃതീയ. ഇന്നലെ മുതൽ സ്വർണക്കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ഇളവ് റദ്ദാക്കിയതോടെ അക്ഷയതൃതീയ ദിവസം കട തുറക്കാനാവില്ലെന്നത് വലിയ വില്പന സ്വപ്നം കണ്ട വ്യാപാരികൾക്ക് തിരിച്ചടിയായി.
ഭാരതീയ ആചാരപ്രകാരം വൈശാഖ മാസത്തിൽ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ. ദാനം നൽകുന്നതിനും ശുഭകാര്യങ്ങൾക്കും ഏറ്റവും ഉത്തമമാണ് അക്ഷയ തൃതീയ. ഈ ദിവസം ഒരു ഗ്രാം സ്വർണമെങ്കിലും വാങ്ങാൻ ജനങ്ങൾ തിക്കിത്തിരക്കി. പൊലീസ് കാവലിൽ വരെയായിരുന്നു അന്ന് വില്പന.
625 കോടിയുടെ സ്വർണ വില്പനയായിരുന്നു കഴിഞ്ഞ വർഷം അക്ഷയതൃതീയയിൽ നടന്നത്. അതിന് മുമ്പ് 500 കോടിയും. ഈ വർഷം 25 ശതമാനത്തിലേറെ അധിക വില്പന പ്രതീക്ഷയിൽ 1000 കോടിയായിരുന്നു ലക്ഷ്യം. കഴിഞ്ഞ വർഷം ചില കടകൾ മുഹൂർത്തസമയം രണ്ട് ദിവസം വരെ നീട്ടി റെക്കാഡ് വില്പന ആഘോഷിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് സ്വർണവില ഉയർച്ചയിലാണ്. 33200 രൂപയാണ് ഒരു പവന്റെ വില.
മറുവഴി തേടി സ്വർണവ്യാപാരികൾ
26 ന് സ്വർണക്കട തുറക്കാൻ കഴിയില്ലെങ്കിലും ഓൺലൈൻ സംവിധാനത്തിലൂടെ സ്വർണം വില്ക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പ്രമുഖ വ്യാപാരികൾ. ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി കല്യാൺ ജുവലേഴ്സ് രംഗത്തെത്തി. ഇ-മെയിൽ വാട്സ് ആപ്പ് തുടങ്ങി ഉപഭോക്താവ് നിർദ്ദേശിക്കുന്ന പ്ലാറ്റ് ഫോമുകളിലൂടെ സർട്ടിഫിക്കറ്റ് നൽകും. ലോക്ക് ഡൗണിന് ശേഷം കട തുറക്കുമ്പോൾ സർട്ടിഫിക്കറ്റിന്റെ മൂല്യമനുസരിച്ചുള്ള വിലയ്ക്ക് സ്വർണം വാങ്ങാം. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറുള്ളതിനാൽ ഡിസംബർ 31 വരെ വിലയിലെ ഏറ്റക്കുറച്ചിൽ ബാധകമാക്കാതെ സ്വർണം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.