adimaly-town
അടിമാലി ടൗണിലെ തിരക്ക്


അടിമാലി: ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരും മുമ്പെ അടിമാലിയിൽ നിരത്തുകളടക്കം സജീവമായി.ഈ മാസം 21 മുതൽ ജില്ലയിലെ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ള സാഹചര്യത്തിലായിരുന്നു ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ തള്ളി ആളുകൾ തിങ്കളാഴ്ച്ച തന്നെ കൂട്ടമായി ടൗണിലേക്കെത്തിയത്.സർക്കാർ നിർദ്ദേശ പ്രകാരം തിങ്കളാഴ്ച്ച ശുചീകരണത്തിനായി വ്യാപാരസ്ഥാപനങ്ങൾ തുറന്നതോടെ ആളുകൾ കൂടുതലായി ടൗണിലേക്കെത്തി.ഇതോടെ നിരത്തുകൾ സജീവമാകുകയും ടൗണിലെത്തിയ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാവുകയും ചെയ്തു.അടിമാലിയെ കൊവിഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച ഇടമെന്ന നിലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്ന നിർദ്ദേശം വന്നതോടെ വിഷയത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ഇടപ്പെട്ടു.ഇനിയൊരറിയിപ്പുണ്ടാകും വരെ അടിമാലി പഞ്ചായത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ പറഞ്ഞു.അടിമാലിയെ ജില്ലയിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി പ്രഖ്യാപിച്ചത് അറിയാതെയായിരുന്നു ആളുകൾ പലരും ടൗണിലെത്തിയത്.തിരക്ക് നിയന്ത്രണാതീതമായതോടെ ആളുകൾ മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ടും ഇളവുകൾ അനുവദിക്കാത്ത വ്യാപാരസ്ഥാപനങ്ങൾ ഒരറിയിപ്പുണ്ടാകുന്നതുവരെ തുറക്കരുതെന്നാവശ്യപ്പെട്ടും അടിമാലി ഗ്രാമപഞ്ചായത്ത് വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്തി.ഹോട്ട് സ്‌പോട്ട് പ്രഖ്യാപനം ഞായറാഴ്ച്ച രാത്രി വൈകിയെത്തിയതിനാൽ തിങ്കളാഴ്ച്ച ഇവിടങ്ങളിൽ സ്വീകരിക്കേണ്ടുന്ന നിർദ്ദേശങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതും തിരക്ക് വർധിക്കാൻ ഇടവരുത്തി.അടിമാലി താലൂക്കാശുപത്രിയിലും വിവിധ ബാങ്കുകൾക്ക് മുമ്പിലും വലിയ തിരക്കനുഭവപ്പെട്ടു.ഉച്ചക്കു ശേഷം പഞ്ചായത്തിന്റെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടലിലൂടെ തിരക്കിന് അയവു വരുത്താൻ സാധിച്ചു.അടിമാലി ടൗണിലെ ഇന്നലെ രാവിലെ തിരക്ക്‌