കോട്ടയം: 32 രാജ്യങ്ങളിലെ 427 പ്രവാസികളുമായി കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായി തോമസ് ചാഴികാടൻ എം.പി അറിയിച്ചു. ഗൾഫ്, ആസ്‌ട്രേലിയ ഉൾപ്പെടുന്ന ഓഷ്യാന - ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക/ കാനഡ എന്നീ പ്രദേശങ്ങളിലെ മലയാളികളുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ആശയവിനിമയം നടത്തിയത്‌. ഗൾഫ് മേഖലയിൽ ലേബർ ക്യാമ്പുകളിലുള്ളവർ കൂട്ടമായി താമസിക്കുന്നതുമൂലം രോഗ വ്യാപനം ത്വരിതഗതിയിലാണ്‌. ജോലി നഷ്ടപ്പെട്ടവർ, വിസാ കാലാവധി കഴിഞ്ഞവർ, ടൂറിസ്റ്റ് വിസയിൽ വന്ന് തിരികെ പോരാൻ കഴിയാത്തവർ, ഗർഭിണികൾ, വിദ്യാർത്ഥികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ സങ്കടം പങ്കുവച്ചു. ഇസ്രയേലിൽ ജോലി നഷ്ടപ്പെട്ട 70 പേർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മാലിദ്വീപിൽ ജോലിചെയ്യുന്ന അദ്ധ്യാപകർക്ക് ശരിയായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുമില്ല. ഇവരെ മുൻഗണനാ ക്രമത്തിൽ നാട്ടിൽ എത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.