vijayprakash

അടിമാലി: നിരോധനാജ്ഞ ലംഘിച്ച് കറങ്ങി നടന്നതിന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലായിരുന്ന സൂര്യനെല്ലി സ്വദേശി വിജയപ്രകാശാണ് (23) മരിച്ചത്.
തമിഴ്‌നാട് അതിർത്തി പ്രദേശമായതിനാൽ ചിന്നക്കനാലടക്കമുള്ള മേഖലയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതവഗണിച്ച് ബൈക്കിൽ കറങ്ങി നടന്ന യുവാവിനെ സൂര്യനെല്ലി ടൗണിൽ വച്ച് ശാന്തമ്പാറ പൊലീസ് തടയുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് ,സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുന്നിലെത്തിയ യുവാവ് , പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി. സമീപത്തുണ്ടായിരുന്നവർ തീയണച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിക്കുകയായിരുന്നു.ലഹരിക്കടിമപ്പെട്ട യുവാവ് വീട്ടിൽ വഴക്കിടുന്നതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.കറങ്ങി നടന്നതിന് നിരവധി തവണ ഇയാളെ താക്കീത് ചെയ്തതാണെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു.പിതാവ് പരേതനായ വിജയകുമാർ. മാതാവ്.സെൽവി. സഹോദരൻ. വിജയ പ്രസാദ്.