പാലാ : കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുവാൻ കോളേജ് ഹോസ്റ്റലുകളും മിഷൻ ലീഗിന്റെ മാതൃഭവനവും വിട്ടുതരാൻ ഒരുക്കമാണെന്ന് പാലാ രൂപത. രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് എൻജിനിയറിംഗ് കോളേജിന്റെ സെന്റ് മേരീസ് ഹോസ്റ്റൽ, സെന്റ് തോമസ് ഹോസ്റ്റൽ, ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്ന മിഷൻ ലീഗിന്റെ മാതൃഭവനവും വിട്ടുകൊടുക്കാൻ സന്നദ്ധമാണെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രവാസികൾ നാടിന്റെ അഭിവാജ്യ ഘടകമാണ്. അവരെ തിരിച്ചെത്തിക്കാൻ പരിശ്രമിക്കുന്നത് അവരോട് കാണിക്കുന്ന ഔദാര്യമായി സർക്കാർ കാണേണ്ടതില്ല. അവരുടെ അദ്ധ്വാനത്തിന് ഫലമാണ് ഇന്ന് നാട്ടിൽ കാണുന്ന പലതും. അവരുടെ ആഗ്രഹത്തോടെ നിഷേധാത്മക നടപടികൾ സ്വീകരിക്കുന്നത് ശരിയല്ല. വിദേശത്ത് കിടന്ന് പ്രയാസപ്പെടുന്നവരെ കഴിവതും വേഗം നാട്ടിലെത്തിക്കാൻ സർക്കാരിന് കഴിയട്ടെ എന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.