പൊൻകുന്നം : ദേശീയപാതയിൽ ഇരുപതാംമൈലിന് സമീപം കൂറ്റൻ വാകമരം കടപുഴകി വീണു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന വാകമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മരത്തിന്റെ ശിഖരങ്ങൾ തട്ടി പാർക്ക് ചെയ്തിരുന്ന കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. മരം നിലംപതിച്ചതിനെ തുടർന്ന് വൈദ്യുത കമ്പികൾ പൊട്ടി. ട്രാൻസ്‌ഫോർമറിന്റെ തൂണുകൾ നിലംപതിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റും ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സമീപത്തെ അപകടാവസ്ഥയിലുള്ള മറ്റൊരു വാകമരവും മുറിച്ചു മാറ്റി. ഇത് വെട്ടിമാറ്റുന്നതിനിടയിൽ മരത്തിന്റെ ശിഖരങ്ങൾ വീണ് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ബോർഡുകൾ തകർന്നു.