കോട്ടയം: ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ റോഡിലേക്ക് കാറുകളും ഇരുചക്രവാഹനങ്ങളും പ്രവഹിച്ച ഇന്നലെത്തേതിൽ നിന്നും വ്യത്യസ്ഥമാണ് ഇന്ന് രാവിലെ കോട്ടയത്ത് ദർശിക്കാനായത്. ഇന്നലെ തുറന്ന പല കടകളും ഇന്ന് രാവിലെ തുറന്നിട്ടില്ല. മാർക്കറ്റും ഏകദേശം വിജനമാണ്. രാവിലെ 7 മുതൽ രാത്രി 7 വരെ കടകൾ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും വൈകുന്നേരം അഞ്ചിന് തന്നെ അടയ്ക്കാൻ ഇന്നലെ ഓരോ കടകളിലും ചെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഹോട്ടലുകളിൽ ചിലത് ഇന്നലെ രാവിലെ തുറന്ന് പ്രവർത്തിച്ചെങ്കിലും ഇന്ന് രാവിലെ ഒരൊറ്റ ഹോട്ടലുകളും തുറന്നിട്ടില്ല. റോഡിലിറങ്ങിയ ഓട്ടോറിക്ഷകളും പിന്തിരിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ കോട്ടയം ടൗണിൽ ഒരു ഓട്ടോറിക്ഷപോലും നിരത്തിലിറങ്ങിയില്ല. മാസ്ക് ധരിക്കാതെ എത്തിയവരെ മാസ്ക് ധരിപ്പിച്ചശേഷമാണ് യാത്ര തുടരാൻ പൊലീസ് അനുവദിച്ചത്. കൂടുതൽ പൊലീസ് ഇന്ന് അതിരാവിലെതന്നെ റോഡിൽ അണിനിരന്നിരുന്നു.
പൊലീസ് തലങ്ങും വിലങ്ങും വാഹനങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് അറിഞ്ഞവർ വീടുകളിലേക്ക് പിൻവലിഞ്ഞു. ഇതോടെ രാവിലെ ഒൻപതുമണിയോടെ നഗരത്തിൽ കൂടുതൽ വാഹനങ്ങൾ എത്തിയില്ല. എന്നാൽ പത്തുമണിയോടെ തിരക്ക് ഉണ്ടാവുമെന്നാണ് പൊലീസ് കരുതുന്നത്. സർക്കാർ ജീവനക്കാർ നഗരത്തിൽ എത്തിയാൽ കടത്തിവിടും. ഐഡന്റിറ്റി കാർഡുകൾ പരിശോധിച്ചാവും തുടർയാത്ര അനുവദിക്കുക.
ബൈക്കിൽ പിറകിലിരുത്തി വന്ന ഇരുചക്രവാഹനങ്ങൾ പൊലീസ് തടയുന്നുണ്ട്. ഒരാൾക്ക് മാത്രമേ യാത്രചെയ്യാവു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ രണ്ടു പേരുമായി എത്തുന്ന ബൈക്കുകളും സ്കൂട്ടറുകളും പൊലീസ് തടഞ്ഞ് മടക്കി വിടുന്നുണ്ട്. സ്വകാര്യ കാറുകളിലും രണ്ടു പേർക്ക് മാത്രമേ സഞ്ചരിക്കാൻ അനുവദിക്കുന്നുള്ളു. ഇന്നലെ ബാർബർ ഷോപ്പുകൾ തുറന്നെങ്കിലും ഉച്ചയോടെ അത് അടയ്ക്കാൻ പൊലീസ് എത്തി അറിയിക്കുകയായിരുന്നു. ഇതോടെ ഇന്ന് രാവിലെ ബാർബർ ഷോപ്പുകൾ തുറന്നിട്ടില്ല.
മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയവരെയും പൊലീസ് പിടികൂടി മാസ്ക് ധരിപ്പിക്കുന്നുണ്ട്. മാസ്ക് ധരിക്കാതെ കാറുകളിലും മറ്റും യാത്രചെയ്യുന്നവരെയും യാത്ര തുടരാൻ അനുവദിക്കുന്നില്ല. പച്ചക്കറികളും പലവ്യഞ്ജന സാധനങ്ങളുമായി എത്തുന്ന ലോറികൾ തടയുന്നില്ല. ഇടുക്കി ജില്ലയിലും പൊലീസ് കർശന നടപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. തൊടുപുഴ ടൗണിലും പൈനാവിലും കൂടുതൽ ആളുകൾ നിരത്തിലില്ല. തമിഴ്നാട്-കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ കോവിഡ് ബാധ കൂടുതലായതിനാൽ കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.