കോട്ടയം: വേമ്പനാട് കായൽ മത്സ്യ സമൃദ്ധിയിൽ. കരിമീൻ, കൂരി, മുരശ്, ചുണ്ടൻകൂര, പുല്ലൻ എന്നിവ കായലിൽ വേണ്ടുവോളം. ഇതോടെ കായൽമത്സ്യം തേടി ആളുകൾ കൂടുതലായി കുമരകത്തേക്ക് എത്തിത്തുടങ്ങി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മത്സ്യത്തൊഴിലാളികൾ കായലിൽ പോയിരുന്നില്ല. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് മാറ്റിയതോടെയാണ് തൊഴിലാളികൾ കായലിൽ പോയിത്തുടങ്ങിയത്. കുറച്ചുദിവസം പിടിക്കാതിരുന്നതിനാലാണ് കൂടുതൽ മത്സ്യം കിട്ടുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
പ്രതിദിനം ശരാശരി 300 കിലോ കരിമീൻ മത്സ്യ തൊഴിലാളി സഹകരണ സംഘത്തിന്റെ പള്ളിച്ചിറയിലുള്ള കേന്ദ്രത്തിൽ മാത്രം ലഭിക്കുന്നുണ്ട്. മറ്റ് വള്ളക്കാരും മാർക്കറ്റിൽ കൂടുതൽ കരിമീൻ എത്തിക്കുന്നുണ്ട്. ചുരുക്കത്തിൽ ചാകരയാണ് കുമരകത്ത്. കരിമീനിന് കിലോയ്ക്ക് വലുപ്പമനുസരിച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്. നാല് കരിമീൻ ഒരു കിലോ തൂങ്ങിയാൽ അതിന് 470 രൂപയാണ് വില. ഏഴോ എട്ടോ എണ്ണമുള്ള കരിമീനിന് 440 രൂപ വില. ചെറിയ കരിമീനിന് 360 രൂപ. ഈസ്റ്ററിന് ഒന്നാം തരം കരിമീനിന് 600 രൂപാ വരെ വില ഉയർന്നിരുന്നു. നേരത്തെ ചെറിയ കരിമീനിന് 300രൂപയായിരുന്നു വില.
കായലിൽ നിന്നും കൂടുതലായി കിട്ടുന്ന പുല്ലന് ഇന്ന് രാവിലെത്തെ വില, വലിപ്പമനുസരിച്ച് കിലോയ്ക്ക് 50 മുതൽ 70 രൂപാ വരെയാണ്. കൂരിക്ക് 100 രൂപ. ചുണ്ടൻകൂരിക്കും 100 രൂപ. മുരശിനാവട്ടെ വില 280 രൂപ. കൊഞ്ചിന് 550 മുതൽ 650 രൂപാ വരെയാണ് വില. സീസൺ ആവാത്തതിനാൽ കൊഞ്ച് കാര്യമായി കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് ആളുകൾ മീൻ വാങ്ങാൻ മത്സ്യ സംഘത്തിന്റെ മുമ്പിൽ നില്ക്കുന്നത്. ഇന്ന് രാവിലെ ഏഴിന് കുമരകം മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ മുമ്പിൽ നീണ്ട ക്യുവായിരുന്നു. പൊലീസും സ്ഥലത്തുണ്ട്.