പൊൻകുന്നം: പൈപ്പ് തുറന്നാൽ ഒരുതുള്ളി വെള്ളമില്ല. ഈ അവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പേരിൽ നാട്ടുകാർ പരാതികളുടെ കെട്ടഴിക്കുകയാണ്. ചിറക്കടവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ആവിഷ്കരിച്ചതാണ് കരിമ്പുകയം കുടിവെള്ള പദ്ധതി. 45 വർഷം മുമ്പ് ആരംഭിച്ച പദ്ധതിപ്രകാരം രണ്ടുപഞ്ചായത്തുകളിലേയും പ്രധാന പാതകളിലൂടെയെല്ലാം പൈപ്പ് കടന്നുപോകുന്നുണ്ട്. എന്നാൽ പൈപ്പിലൂടെ വെള്ളം വരാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊൻകുന്നം കപ്പാട് റോഡിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്ന 200ലേറെ കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷം വീടുകളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ്കണക്ഷനുമുണ്ട്. വെള്ളം വരുന്നില്ലെങ്കിലും ബില്ല് കൃത്യമായി വരുന്നുണ്ട്.ഇതുസംബന്ധിച്ച് അധികാരികളോട് പരാതിപറഞ്ഞ് മടുത്തതല്ലാതെ ഫലമുണ്ടായില്ല.കരിമ്പുകയത്ത് ആവശ്യത്തിന് വെള്ളമുണ്ട്,കുടിവെള്ളപദ്ധതിക്ക് മുടക്കാൻ ആവശ്യത്തിലേറെ പണവുമുണ്ട്.പിന്നെ എവിടെയാണ് കുഴപ്പമെന്നാണ് നാട്ടുകാരുടെ ചോദ്യം. പൊൻകുന്നം പാലാ റോഡിൽ നിന്നും കപ്പാട് റോഡിലേക്ക് പൈപ്പ് ഇട്ടത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്.കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ച പൈപ്പിലൂടെ പമ്പുചെയ്യുന്ന വെള്ളം മുഴുവൻ പാഴായി പോവുകയാണ്.

മുടക്കിയത് കോടികൾ

കരിമ്പുകയം പദ്ധതിയുടെ നവീകരണത്തിന് കോടികളാണ് മുടക്കിയത്. പത്തുവർഷത്തിലേറെ നീണ്ട നവീകരണം പൂർത്തിയായെന്നും പഴയ പൈപ്പുകളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചെന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം പൊൻകുന്നം കപ്പാട് ബൈപാസിലെ റോയൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വീടുകളിൽ കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടിക്കും എം.എൽ.എ ക്കും പരാതി നൽകി.

 പൊൻകുന്നം കപ്പാട് റോഡിലൂടെ കടന്നുപോകുന്നത് കാലഹരണപ്പെട്ട പൈപ്പുകളാണ്.ഇതു മാറ്റി ഗുണനിലവാരമുള്ള പൈപ്പ് റോഡിനിരുവശവും സ്ഥാപിച്ചെങ്കിൽ മാത്രമേ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകൂ. അതിനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

ലാലിറ്റ് എസ്.തകടിയേൽ,വൈസ് പ്രസിഡന്റ് ,റോയൽ റസിഡന്റ്‌സ് അസോസിയേഷൻ.