പാലാ:ദന്തചികിത്സ തേടുന്നവർക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ശാഖ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.കൊവിഡ് 19 നിയന്ത്രണങ്ങൾക്ക് അയവുകൾ വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള സുരക്ഷയ്ക്കായാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്ന് അസോസിയേഷൻ പാലാ ശാഖ പ്രസിഡന്റ് ഡോ.ഇട്ടിയവിര ബാബു, സെക്രട്ടറി ഡോ.ജിയോ ടോം ചാൾസ് എന്നിവർ പറഞ്ഞു.
പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ്. ഫോൺ വിളിച്ച് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് മാത്രം രോഗി എത്തുക. നിർബന്ധമായും മുഖാവരണം ധരിക്കുക. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ ദന്ത ചികിത്സ ഒഴിവാക്കുക. മറ്റ് രോഗികൾ അകത്തുണ്ടെങ്കിൽ റിസപ്ഷനിൽ വിവരമറിയിച്ച് പുറത്തോ വാഹനത്തിലോ കാത്തിരിക്കുക. സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷം മാത്രം അകത്ത് പ്രവേശിക്കുക. നിശ്ചിത അകലം പാലിക്കുക. മുഖത്തോ വായിലോ കൈകൊണ്ട് തൊടാതിരിക്കുക. ഒരാളെ മാത്രം കൂടെ കൊണ്ടുവരിക. ചികിത്സയ്ക്കല്ലെങ്കിൽ കുട്ടികളെയും പ്രായമായവരെയും ക്ലിനിക്കിൽ കൊണ്ടു വരാതിരിക്കുക. റിസ്‌ക് അസസ്‌മെന്റ് ഫോറം നിർബന്ധമായും പൂരിപ്പിച്ചു നൽകണം. ട്രീറ്റ്‌മെന്റ് മുറിയിലേയ്ക്ക് രോഗി മാത്രമേ പ്രവേശിക്കാവൂ എന്നും അസോസിയേഷന്റെ നിർദ്ദേശങ്ങളിൽ പറയുന്നു.