പാലാ: ലോക്ക് ഡൗണിലും രാമപുരത്തെ പൊതുപ്രവർത്തകനായ സി.ടി.രാജന്റെ അടുക്കളത്തോട്ടം തളിരിടുകയാണ്. ഈ ലോക്ക് ഡൗൺ കാലം പച്ചക്കറികൃഷിക്കു വേണ്ടി മാറ്റിവെച്ച് മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണ് സി.റ്റി .രാജൻ. പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം 'സി.റ്റി. ' എന്ന ഓമനപ്പേരിൽ വിളിക്കുന്ന രാജൻ കോൺഗ്രസിന്റെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും രാമപുരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമാണ്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനും. പൊതുപ്രവർത്തനത്തിലെ തിരക്കുകൾ മൂലം പകൽ സമയം വീട്ടിൽ ചിലവഴിക്കാൻ ഒരിക്കൽ പോലും സമയം ലഭിക്കാറില്ലാത്ത ഇദ്ദേഹം ലോക്ഡൗൺ സമയത്ത് വീണുകിട്ടിയ അവസരം മുതലാക്കി വീട്ടുമുറ്റത്ത് പച്ചക്കറികൃഷി ആരംഭിക്കുകയായിരുന്നു. വിവിധ ഇനങ്ങളിലായി നൂറിൽപ്പരം പച്ചക്കറി തൈകൾ രാജൻ നട്ടു പരിപാലിക്കുന്നു.

വെണ്ട, വഴുതന ചീര പയർ, പടവലം തക്കാളി തുടങ്ങിയവ വീടിനെ ഹരിതാഭമാക്കുന്നു. കോഴ കാർഷിക വികസന കേന്ദ്രത്തിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷിന്റെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചാണ് കൃഷി. ലോക്ഡൗൺ തീരുന്നതുവരെ പരമാവധി പച്ചക്കറികൾ കൃഷി ചെയ്യാൻ തന്നെയാണ് തീരുമാനം.

പൊതുരംഗത്തു നിന്ന് തൽക്കാലം മാറി തികഞ്ഞ കർഷകനായി മാറിയ രാജന് പരിപൂർണ്ണ പിന്തുണയുമായി ഭാര്യയും രാമപുരം ഗവ.ആശുപത്രിയിലെ ഹെഡ് നഴ്‌സുമായ സിനിയും മക്കളായ അശ്വിൻരാജും അക്ഷര രാജും രംഗത്തുണ്ട്.