അടിമാലി: ജില്ലയിലെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളിലൊന്നായ അടിമാലിയിൽ പൊലീസ് നടപടി കടുപ്പിച്ചു.തിങ്കളാഴ്ച്ച അടിമാലി മേഖലയിൽ ആളുകൾ കൂടുതലായി ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുള്ളത്.ദേശിയപാതകളിലും പഞ്ചായത്തിന്റെ ഉൾമേഖലകളിലും പൊലീസ് ചൊവ്വാഴ്ച്ച രാവിലെ മുതൽ നിരീക്ഷണം കർശനമാക്കി.അനാവശ്യമായി പുറത്തിറങ്ങിയവരെ തിരിച്ചയച്ചതിനൊപ്പം നിയമനടപടികളും സ്വീകരിച്ച് വരികയാണെന്ന് അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ് പറഞ്ഞു.നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാർ ഡിവൈഎസ്പി എം രമേശ്കുമാറിന്റെ നേതൃത്വത്തിൽ അടിമാലി ടൗണിൽ റൂട്ട് മാർച്ച് നടത്തി.അവശ്യ സാധന വിൽപ്പന കേന്ദ്രങ്ങളും മെഡിക്കൽ സ്റ്റോറുകളും ധനകാര്യസ്ഥാപനങ്ങളും മാത്രമാണ് അടിമാലി ടൗണിൽ ചൊവ്വാഴ്ച്ച തുറന്നു പ്രവർത്തിച്ചത്.ഇളവനുവദിക്കും വരെ നിലപാട് കടുപ്പിച്ച് മുമ്പോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.