പൊൻകുന്നം : വീട്ടിലെത്തി മുടി മുറിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ. ഒരാളിൽ നിന്നുള്ള സ്രവം കൈകളിലും തൊഴിലാളികളുടെ വസ്ത്രങ്ങളിലുമാകാനും മറ്റൊരിടത്തേക്ക് ഇതിന്റെ വ്യാപനത്തിനും ഇടയാക്കും. ബാർബർ തൊഴിലാളി ധരിച്ചിരിക്കുന്ന വസ്ത്രം അടുത്ത വീട്ടിൽ ചെല്ലുമ്പോൾ പ്രശ്‌നമാവും. കൂടാതെ ഉപകരണങ്ങൾ അണുവിമുക്തമാക്കലും കൃത്യമായി നടപ്പാകില്ല. വീട്ടിലെത്തി തൊഴിലെടുത്തതിന്റെ പേരിൽ വൻതുക പിഴയടക്കേണ്ടി വന്ന തൊഴിലാളികളുണ്ട്. അന്ന് വിലക്കേർപ്പെടുത്തിയത് സുരക്ഷയുടെ ഭാഗമായാണ്. ഇപ്പോൾ അവയെല്ലാം കാറ്റിൽപ്പറത്തി വീട്ടിലെത്തി തൊഴിലെടുക്കാമെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് അസോസിയേഷൻ ജില്ലാപ്രസിഡന്റ് കെ.രവീന്ദ്രദാസ് പറഞ്ഞു.