കോട്ടയം : കൊവിഡിന്റെ പശ്ചാത്തലത്തിൽ നാടും നഗരവും സർവത്ര നിരീക്ഷണത്തിൽ കഴിയുന്നതിനിടെ, കാലിന് പരിക്കേറ്റ നിലയിൽ നഗരമദ്ധ്യത്തിൽ കണ്ടെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജില്ലാ ഭരണകൂടവും, പൊലീസും, നഗരസഭയും സന്നദ്ധ സംഘടനകളും ഭക്ഷണവും സുരക്ഷാ ക്രമീകരണവും ഒരുക്കുന്ന നഗരത്തിൽ ശാസ്ത്രി റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ കെട്ടിടത്തിനരികിലാണ് കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജുവിനെ (46) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗമ്പടത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജുവിനെ ഏപ്രിൽ 8 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ഇയാളെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായി രേഖകൾ വ്യക്തമാക്കുന്നു. ഇതിന് ശേഷം സേവാഭാരതിയും, സമീപവാസികളുമാണ് ഇയാൾക്ക് ഭക്ഷണം നൽകിയിരുന്നത്. തുടർന്ന് പൊലീസ് അധികൃതർ അടക്കം സ്ഥലത്ത് എത്തുകയായിരുന്നു.
നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇവിടെ അലഞ്ഞു തിരിയുന്ന ആളുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്. കാലിൽ പ്ലാസ്റ്ററിട്ട് രണ്ടുദിവസം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇയാൾ ആവശ്യപ്പെട്ട പ്രകാരം ആംബുലൻസിൽ ശാസ്ത്രി റോഡിൽ ഇറക്കി വിട്ടതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. ഇതിനിടെ ഇയാളെ തേടി പൊലീസ് കൺട്രോൾറൂം സംഘം സ്ഥലത്ത് എത്തിയെങ്കിലും താൻ മറ്റൊരിടത്തേയ്‌ക്കും വരുന്നില്ലെന്ന് ഇയാൾ പറഞ്ഞു. തുടർന്നാണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്‌ക്കു മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.