കോട്ടയം : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഊർജിതമാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനത്തിലൂടെ ശുചീകരണം നടത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു. ശുചീകരണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്ക് യോഗം അന്തിമ രൂപം നൽകി. ഡി.എം.ഒ. ജേക്കബ് വർഗീസ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ഹരിതകേരളം കോഓർഡിനേറ്റർ പി. രമേശ്, ക്ലീൻ കേരള കമ്പനി അസി. മാനേജർ ബിനോയ്, വിവിധ വകുപ്പ് മേധാവികൾ, മുനിസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ മാലിന്യ പ്രശ്‌നങ്ങളുള്ളതും മലിനീകരണ സാധ്യതയുള്ളതുമായ സ്ഥലങ്ങൾ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്വത്തിൽ ശുചീകരിക്കണം. ലോക്ക് ഡൗൺ കാലത്ത് വീടുകൾക്കും പരിസരങ്ങൾക്കും പുറമെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്ന സ്ഥലങ്ങളും ശുചീകരിക്കണം.അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ചാക്കുകളിൽ സൂക്ഷിക്കണം. ഹരിതകർമ്മസേന എത്തുമ്പോൾ ഇവ കൈമാറാം. എം.സി.എഫുകളിലും ആർ.ആർ.എഫുകളിലും അജൈവമാലിന്യങ്ങൾ നിറഞ്ഞിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ അവ ക്ലീൻ കേരള കമ്പനിയുടെ സഹകരത്തോടെ നീക്കം ചെയ്യണം. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പിന്റെ സഹകരത്തോടെ ശുചിത്വം ഉറപ്പാക്കണം.
വെള്ളക്കെട്ട് ഒഴിവാക്കണം
നിർമ്മാണഘട്ടത്തിലുള്ള കെട്ടിടങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കണം. കരയ്ക്കു കയറ്റിവച്ചിരിക്കുന്ന വള്ളങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പുവരുത്തണം. പൊതുഇടങ്ങൾ, മാർക്കറ്റുകൾ, ഓടകൾ എന്നിവ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണം.
കൊതുക്, എലി എന്നിവയുടെ പ്രജനന സാധ്യത കൂടിയ സ്ഥലങ്ങൾ കണ്ടെത്തി ഉറവിട നശീകരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം.
റബർ തോട്ടങ്ങളിൽ ചിരട്ടകൾ, ഉപേക്ഷിച്ച ഷെയ്ഡ്, പ്ലാസ്റ്റിക്, ഇലകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉടമകൾ ഉറപ്പാക്കണം. തോട്ടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കണം.കൃഷി വകുപ്പിന്റെ സഹകരത്തോടെ കർഷകർക്ക് എലിനശീകരണത്തിനുള്ള മരുന്നുകൾ നൽകണം.