കോട്ടയം : ജില്ലയിൽ കുട്ടികൾക്കുള്ള പ്രതിരോധ മരുന്നു വിതരണം ഇന്ന് പുനരാരംഭിക്കും. ഇതിനായി ആശുപത്രികളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഒരേ സമയത്ത് കുട്ടികളുമായി കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ബുധനാഴ്ചയ്ക്ക് പുറമെ വെള്ളി, തിങ്കൾ എന്നീ ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഈ സേവനം ലഭ്യമാണ്. പ്രതിരോധ മരുന്ന് നൽകേണ്ട കുട്ടികളുടെ വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ പക്കലുണ്ട്. കുട്ടികളുമായി എത്തേണ്ട സമയം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ ഫോൺ മുഖേന മാതാപിതാക്കളെ അറിയിക്കും. ലോക് ഡൗൺ മൂലം മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നവർ സമീപത്തെ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടണം.