കോട്ടയം:നഗരങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് കർശന പരിശോധനകളുമായി രംഗത്ത്. ഇന്ന് പുലർച്ചെ ആറു മണിയോടെതന്നെ കൂടുതൽ പൊലീസ് കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, വൈക്കം ടൗണുകളിൽ എത്തി. ഇടുക്കി ജില്ലയിലും പരിശോധന കർക്കശമാക്കി. കൊവിഡ് ബാധ ഏറെയുള്ള തമിഴ്നാട്ടിൽ നിന്നും കൂടുതൽ ആളുകൾ കേരളത്തിലേക്ക് കടക്കുന്നതിനാൽ കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഊടുവഴികളിലൂടെയും മറ്റും തൊഴിലാളികൾ വാഹനങ്ങളിലും മറ്റും എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
കോട്ടയത്തും ഇടുക്കിയിലും ഐസൊലേഷനിൽ ഇപ്പോൾ ആരുംതന്നെയില്ല. പുതിയതായി ഈ രണ്ടുജില്ലകളിലും രോഗബാധിതരില്ല. ക്വാറന്റെയിൽ കഴിയുന്നവരുടെ എണ്ണവും കോട്ടയത്ത് കുറഞ്ഞുവരികയാണ്. ടൗണിലും മറ്റും ആവശ്യമില്ലാതെ ചുറ്റിക്കറങ്ങുന്നവരെ പിടികൂടി ഇന്ന് രാവിലെയും തിരിച്ചയയ്ക്കുന്ന കാഴ്ച കാണാനായി. അയൽജില്ലകളിൽ നിന്നുപോലും എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടവരെയും വ്യക്തമായ ആവശ്യം എഴുതിനല്കിയാൽ മാത്രമേ പൊലീസ് യാത്ര തുടരാൻ അനുവദിക്കുന്നുള്ളു.
അതേ സമയം ഇന്നലെ വൈകുന്നേരം അരി ലോറിയിൽ തമിഴ്നാട്ടിൽ നിന്നും ഒളിച്ച് എത്തിയ യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി. തെങ്കാശി സ്വദേശി നടരാജിനെയാണ് (35) പിടികൂടിയത്. ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ ചോദ്യം ചെയ്തതോടെ ലോറിയിലെ അരിചാക്കുകൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നും ലോറി ഡ്രൈവർക്ക് 200 രൂപ നല്കിയിരുന്നുവെന്നും വ്യക്തമാക്കി. ഇതേ തുടർന്ന് നിരീക്ഷണത്തിനായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ജോലി തേടി എത്തിയ ഇയാൾ രണ്ട് വർഷമായി തെങ്ങണയിൽ താമസിച്ചുവരികയായിരുന്നുവെങ്കിലും കർഫ്യു പ്രഖ്യാപിച്ചതോടെ ജോലിസ്ഥലത്തേക്ക് എത്താൻ സാധിച്ചില്ലെന്നും ഇയാൾ പറയുന്നു.
ഇന്ന് രാവിലെ രണ്ടു കുട്ടികളുമായി നഗരം ചുറ്റാൻ എത്തിയ യുവതിയെയും പൊലീസ് പിടികൂടി തിരിച്ചയച്ചു. കുട്ടികൾ വീട്ടിൽ ബഹളം വച്ചതോടെ അല്പം ആശ്വാസത്തിനായി പുറത്തിറങ്ങിയതാണെന്നാണ് കുട്ടികളുടെ അമ്മയായ 30 കാരി പറഞ്ഞത്. സ്കൂട്ടറിൽ മാസ്കും കെട്ടിയാണ് മൂവരും സഞ്ചരിച്ചിരുന്നതെങ്കിലും പൊലീസ് മുന്നറിയിപ്പ് നല്കി തിരിച്ചയച്ചു.
അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യുവാനുള്ള അനുമതി നല്കിയിട്ടുണ്ടെങ്കിലും അവരെ നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പായിപ്പാട് പൊലീസ് ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുണ്ട്.