pic-

കോട്ടയം: തലയ്ക്കും കാലിനും പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയശേഷം ഡിസ്ചാർജ് ചെയ്ത മദ്ധ്യവയസ്കൻ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ട റിപ്പോർട്ടിൽ കണ്ണുംനട്ട് പൊലീസ്. ഇന്നലെ വൈകുന്നേരമാണ് കൊല്ലം മുളവന സ്വദേശി ഇടമലമകളുവില വീട്ടിൽ ബിജുവിനെ (46) കോട്ടയം ശാസ്ത്രിറോഡിലുള്ള കടയ്ക്കുമുമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണമോ പ്രഥമദൃഷ്ട്യാ കണ്ടെെത്താൻ കഴിഞ്ഞിട്ടില്ല. കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം ഇന്നുതന്നെ പോസ്റ്റുമോർട്ടം നടത്തും. കൊല്ലത്തു നിന്ന് രണ്ട് ബന്ധുക്കൾ എത്തിയിട്ടുണ്ടെന്ന് സി.ഐ വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം അവർക്ക് വിട്ടുനൽകും.

കഴിഞ്ഞ എട്ടിനാണ് നാഗമ്പടത്ത് നടന്ന സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ബിജുവിന്റെ തലയ്ക്കും കാലിനും പരിക്കേറ്റത്. കാലിൽ പ്ലാസ്റ്റർ ഇട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇയാൾ ടൗണിൽ ലോട്ടറി കച്ചവടം നടത്തുന്ന ആളാണ്. നാഗമ്പടത്ത് സാമൂഹ്യ വിരുദ്ധ സംഘത്തിൽപ്പെട്ട ആളാണ് ഇയാളെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഒ.പി ടിക്കറ്റിൽ നിന്നാണ് ഇയാളുടെ വിലാസം പൊലീസിന് ലഭിച്ചത്. ആശുപത്രിയിൽ നിന്നും ഡിസ്ചാജ് ചെയ്തതോടെ ആംബുലൻസിൽ എത്തിയ ഇയാൾ ശാസ്ത്രീ റോഡിൽ എത്തിയപ്പോൾ ഇവിടെ ഇറക്കിയാൽ മതി എന്നു പറ‌ഞ്ഞ് നിർബന്ധിച്ച് ഇറങ്ങുകയായിരുന്നുവെന്ന് പറയുന്നു. അന്നു മുതൽ ഈ കടയുടെ സമീപമുള്ള ഒരു വീട്ടുകാരാണ് ഇയാൾക്ക് ഭക്ഷണം നല്കിയിരുന്നത്. കൂടാതെ സന്നദ്ധ സംഘടനകളും ബിജുവിന് പൊതിചോറ് എത്തിച്ച് നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുളളുവെന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ പറഞ്ഞു.