കോട്ടയം: ചരക്കുവാഹനങ്ങളിൽ തമിഴ്നാട്ടിൽ നിന്നും കൂടുതൽ ആളുകൾ കേരളത്തിലെത്തുന്നു. ഇതോടെ പച്ചക്കറി, അരി, സവാള ലോറികളിൽ പരിശോധന ശക്തമാക്കി. ഇന്നലെ വൈകുന്നേരം അരിലോറിയിൽ ചാക്കുകൾക്കിടയിൽ ഇരുന്ന് ചങ്ങനാശേരിയിൽ എത്തിയ തെങ്കാശി സ്വദേശി എത്തിയതിനെ തുടർന്നാണ് ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയത്.
ഇതുകൂടാതെ തെങ്കാശി സ്വദേശിയായ യുവാവും പച്ചക്കറി ലോറിയിൽ കൊല്ലത്ത് എത്തിയിരുന്നു. ഇത്രയും നാൾ പച്ചക്കറിയും അരിയുമായി എത്തിയിരുന്ന ലോറിക്കുള്ളിൽ പരിശോധന നടത്തിയിരുന്നില്ല. ഡ്രൈവറെയും ക്ലീനറേയും മാത്രമാണ് പരിശോധിച്ചിരുന്നത്.
ഇടുക്കി ജില്ലയിലും കൂടുതൽ ആളുകൾ ഇത്തരത്തിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമായതോടെയാണ് കൂടുതൽ കരുതലുമായി പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. ചങ്ങനാശേരിയിൽ എത്തിയ തെങ്കാശി സ്വദേശി നടരാജിനെ (35) ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. നടരാജിന് കൊറോണ ബാധയുണ്ടോയെന്ന് ഇന്ന് പരിശോധന നടത്തുമെന്ന് ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ വ്യക്തമാക്കി.