പൊൻകുന്നം: തുറക്കരുതെന്ന് നിർദേശമുള്ള കടകൾ പൊൻകുന്നത്ത് നിയമം ലംഘിച്ച് പ്രവർത്തിക്കുന്നു. മുൻവശം അടച്ചിട്ട് പിന്നിലൂടെ ആൾക്കാരെ കയറ്റി സാധനങ്ങൾ നൽകുകയാണ് ചില കച്ചവടക്കാർ.
മുറുക്കാൻ കടകൾ പ്രവർത്തിക്കുന്നതിന് അനുമതിയില്ലെങ്കിലും പൊൻകുന്നം പട്ടണത്തിൽ ചിറക്കടവ് റോഡിൽ പകൽ മുഴുവൻ പ്രവർത്തിക്കുന്ന കടയുണ്ട്. ഇടറോഡുകളിലും ഇത്തരം കടകളുണ്ട്. റോഡിൽ തുപ്പുന്നതുപോലും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കേ നിരവധി ആൾക്കാരാണ് ഇത്തരം കടയിൽ നിന്ന് മുറുക്കാൻ വാങ്ങി പരിസരത്താകെ മുറുക്കിത്തുപ്പുന്നത്. ആൾക്കാർ മുറുക്കിത്തുപ്പി പരിസരം വൃത്തിഹീനമാക്കുന്നതായി പരാതി ഉയർന്നിട്ടും ഇത്തരം കടകൾക്കെതിരെ പൊലീസും നടപടിയെടുത്തിട്ടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയില്ലെങ്കിലും അടച്ചിട്ട കടയിൽ കച്ചവടം നടത്തുന്നവരുണ്ട്. ജീവനക്കാർ എല്ലാ ദിവസവും ഇത്തരം കടകളിൽ എത്തുകയും ആൾക്കാർ സാധനങ്ങൾ വാങ്ങാൻ കയറിയിറങ്ങുകയും ചെയ്യുന്നുമുണ്ട്. അടച്ചിട്ട കടമുറിക്കുള്ളിൽ കൊവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ തിക്കുംതിരക്കുമാണ്.