കോട്ടയം : പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് പഴ ലോറിയുമായി എത്തിയതിനെ തുടർന്ന് ചന്തക്കടവിലെ പഴക്കട അടച്ചു പൂട്ടി. പഴക്കട ഉടമയും ജീവനക്കാരും ലോഡിംഗ് തൊഴിലാളികളുമടക്കം 17 പേരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തിൽ നിന്ന് പഴങ്ങളുമായി എത്തിയ ലോറി ഡ്രൈവർക്കാണ് പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്താണ് ലോറിയുമായി കോട്ടയത്ത് എത്തി മടങ്ങിയത്. രണ്ടുദിവസം മുൻപാണ് ഇരുവരും തമിഴ്‌നാട്ടിൽ നിന്ന് പഴങ്ങളുമായി യാത്ര ആരംഭിച്ചത‌്.

പാലക്കാട് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലോറി ഡ്രൈവർക്ക് ശരീരോഷ്മാവിൽ വർദ്ധനവ് കണ്ടെത്തി. തുടർന്ന് ഇയാളെ പാലക്കാട് നിരീക്ഷണത്തിൽ നിറുത്തിയ ശേഷം ഒപ്പമുണ്ടായിരുന്നയാളെ കോട്ടയത്തേക്ക് ലോഡുമായി അയച്ചു. ഇതിനിടെ നിരീക്ഷണത്തിലായിരുന്ന ഡ‌്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന പ്രൈമറി കോൺടാക്ടായ ആളെ തിരക്കി ആരോഗ്യവകുപ്പ് അധികൃതർ കോട്ടയത്തെത്തി.എന്നാൽ

തിരികെ യാത്ര തിരിച്ച ഇയാളെ എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 1.30 ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് ഇയാളുടെ സാമ്പിളെടുത്തു. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജനറൽ ആശുപത്രിയിലെത്തിച്ച് ഐസോലേഷനിലാക്കി. ഇന്നലെ രാവിലെ പഴക്കട ഉടമയെയും ലോഡിംഗ് തൊഴിലാളികളിൽ ഒരാളെയും ജനറൽ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു. പരിശോധനാ ഫലങ്ങൾ ഇന്ന് ലഭിക്കും.