പൊൻകുന്നം:ലോക്ക് ഡൗണിൽ വീണുകിട്ടിയ അവധിക്കാലം അർപ്പിതയ്ക്ക് അനുഗ്രഹമായി. മുഴുവൻ സമയവും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലാണ് ഈ വിദ്യാർത്ഥിനി. പഠനത്തിനിടയിൽ മുടങ്ങിപ്പോയ മികവ് തിരിച്ചുപിടിച്ച സന്തോഷത്തിലാണ് വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ് കോളേജിലെ ഒന്നാംവർഷ ധനതത്വശാസ്ത്ര ബിരുദ വിദ്യാർത്ഥിനിയായ അർപ്പിത അരുൺ. ചിറക്കടവ് ചെന്നാക്കുന്നേൽ അരുൺ എസ്.നായരുടെയും ശ്രീരഞ്ജിനിയുടെയും മകളാണ്. ചിത്രരചനയിലും ബോട്ടിൽ ക്രാ്ര്രഫിലും പ്രതിഭ തെളിയിച്ചു. ലോക്ഡൗൺ ദിനങ്ങളിൽ സമയം മുഴുവൻ തന്റെ കരകൗശലപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചപ്പോൾ വീടിന്റെ അകത്തളമാകെ ശിൽപ്പങ്ങളാൽ നിറഞ്ഞു. തുണിയിൽ ചിത്രമെഴുതും. കൂടാതെ വർണ്ണനൂലുകൾ കൊണ്ടും തുണിയിൽ ജീവസ്സുറ്റ ചിത്രങ്ങൾ ചമയ്ക്കും. വർണ്ണനൂലിഴകൾ ചേർത്ത് കുപ്പികൾ ശില്പങ്ങളാക്കിയും ഈ വിദ്യാർത്ഥിനി ആരെയും അമ്പരപ്പിക്കും. കാൻവാസിലും ചിത്രരചന നടത്തി. ഓരോ ദിനവും രണ്ടും മൂന്നും ശിൽപ്പങ്ങളുടെ സൃഷ്ടിയുണ്ടാവും. ഇവ കൂട്ടുകാർക്ക് സമ്മാനിച്ച് സന്തോഷം കണ്ടെത്തുകയാണ് അർപ്പിത.