എലിക്കുളം: റോഡിനിരുവശവും കാടു പിടിച്ചുകിടക്കുന്ന പുറമ്പോക്ക് ഭൂമിയിൽ പച്ചക്കറിത്തോട്ടവും ഉദ്യാനവും നിർമ്മിക്കാൻ ജനപ്രതിനിധിയും നാട്ടുകാരും. എലിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡംഗം മാത്യൂസ് പെരുമനങ്ങാടാണ് വാർഡിലെ പാതയോരങ്ങൾ വൃത്തിയാക്കി പച്ചക്കറി തൈകളും പൂച്ചെടികളും വച്ചുപിടിപ്പിച്ചത്. എലിക്കുളം കുരുവിക്കൂട്കപ്പാട് റോഡിന്റെ ഭാഗമായ അഞ്ചാനി മുക്കിൽ മാലിന്യങ്ങൾ തള്ളിയിരുന്ന പാതയോരം
വൃത്തിയാക്കി പൂച്ചെടികൾ നട്ടു. ചാക്കുകളിൽ പച്ചക്കറി വിത്തുകളും പാകി.

വഴിയരികിൽ മാലിന്യം തള്ളുന്നതിനെതിരെ പൊതു ജനങ്ങളുടെ പരാതി സ്ഥിരമായി കേട്ടതോടെ പരിസരവാസികളായ ആന്റണി ചിറ്റേട്ട്, മാത്യു തോട്ടുപുറം എന്നിവരെ കൂട്ടി ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിയ്ക്കുകയായിരുന്നു എന്ന് മാത്യു പെരുമനങ്ങാട് പറഞ്ഞു. പരിസരം വൃത്തിയാക്കുകയും പാതയോരം ഹരിതാഭമാക്കുകയുമാണ് ലക്ഷ്യം. നാട്ടുകാർ വിളവെടുക്കട്ടെയെന്നും മാത്യു പറഞ്ഞു. മറ്റ് ജനപ്രതിനിധികളും ഇതൊരു മാതൃകയായി സ്വീകരിച്ചാൽ കാടുപിടിച്ച് ഇഴജന്തുക്കൾ വാഴുന്ന പാതയോരങ്ങൾ വിളഭൂമിയാക്കി മാറ്റാൻ കഴിയുമെന്ന് നാട്ടുകാരും പറയുന്നു.