വാഴൂർ: പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദമായ പഠനമാർഗവുമായി വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ് ഗണിതശാസ്ത്ര വിഭാഗം. ലോക്ക് ഡൗണിന്റെ വിരസതയകറ്റി ഓൺലൈനിലൂടെ പി.എസ്.സി പഠനം സാദ്ധ്യമാക്കാനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്. കണക്കിലെ സാങ്കേതിക പ്രയോഗങ്ങളുടെ മലയാളം എന്തെന്ന് മനസിലാക്കി പരീക്ഷകൾ ലളിതമാക്കുകയാണ് പദ്ധതിയിലൂടെ.
ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനവും ഓൺലൈനിലൂടെ തന്നെ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ആർ. രേണുക, വകുപ്പ് മേധാവി പ്രൊഫ. ടി. ജയരാജ് എന്നിവർ ആശംസകൾ നേരും.
വാഴൂർ കോളേജിലെ വിദ്യാർത്ഥികൾക്ക് പുറമെ മറ്റുള്ളവർക്കും ഉപകാരപ്രദമാകും വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഗൂഗിൾ ക്ലാസ് റൂം എന്ന ആപ്പ് ഉപയോഗിച്ചാണ് പഠനം. ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രത്യേക കോഡ് ഉപയോഗിച്ച് പഠനം തുടങ്ങാം. എല്ലാ ദിവസവും രാവിലെ ഒമ്പതിന് മുൻപായി പഠനോപാധികൾ അപ്പ്‌ലോഡ് ചെയ്യും. അതത് ദിവസത്തെ പാഠ്യ ഭാഗങ്ങളെ ആസ്പദമാക്കി രാത്രി എട്ടിന് പരീക്ഷയും ഉണ്ടാകും. വിവരങ്ങൾക്ക്: 9605392710, 9447777893, 9447849880.