നഷ്ടമായത് അമ്പതിലേറെ വലിയ പൂരങ്ങൾ

കോട്ടയം: കൊവിഡ് കാല ഉത്സവ നിയന്ത്രണം ആനമുതലാളിമാരുടെ വയറ്റത്തടിച്ചു. ഉത്സവ സീസൺ ഇല്ലാതായതോടെ ആനകളിൽ നിന്നുള്ള വരുമാനവും നിലച്ചു. എന്നാൽ ആനകളുടെ സംരക്ഷണ ചിലവ് ഇരട്ടിയായത് മുതലാളിമാർക്ക് ഇരുട്ടടിയായി.

ഒരാനയെ സംരക്ഷിക്കാൻ 3500 -4000 രൂപ ദിവസവും ചിലവ് വരും. പനം പട്ടയ്ക്ക് 1000 രൂപ. തീറ്റവെട്ടുന്നവർക്ക് 500രൂപ, ലോറി, പിക്കപ്പ് വാൻ ഡ്രൈവർമാർക്ക് 500 രൂപ വീതം. ഒരു ആനയ്ക്ക് മൂന്ന് പാപ്പാൻമാർ ഉണ്ടാകും .ഒരാൾക്ക് ദിവസം 500 രൂപ നൽകണം. അഞ്ചു കിലോ അരി, പഞ്ഞപ്പുല്ല്, കടല ,ഉഴുന്ന് എന്നിവ അടങ്ങുന്ന ആരോഗ്യ സംരക്ഷണത്തിനുള്ള പൊടി ചോറിനൊപ്പം ആനയ്ക്ക് നൽകണം. ഇത് തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് എത്തിക്കുന്നത്, കുറഞ്ഞത് 250 ലിറ്റർ വെള്ളം ദിവസവും കുടിക്കാൻ നൽകണം. അമ്പതിനായിരം രൂപ വരെയാണ് ആനയുടെ ഒരു വർഷത്തെ സാധാ ഇൻഷ്വറൻസ് പ്രീമിയം . ഡിസംബർ മുതൽ മേയ് വരെയാണ് പ്രധാന ഉത്സവ സീസൺ. കൊവിഡ് നിയന്ത്രണത്തോടെ മാർച്ച് പത്തിന് ശേഷം എഴുന്നള്ളിപ്പ് ഉണ്ടായിട്ടില്ല. നൂറ് ആനകൾ വരെ പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം, മുപ്പതിലേറ ആനകൾ പങ്കെടുക്കുന്ന തൃശൂർ പൂരം,തിരുനക്കര പൂരം, ഉത്രാളിക്കാവ്, നെന്മാറ തുടങ്ങി വലിയ ഉത്സവങ്ങളെല്ലാം നഷ്ടമായി. അമ്പതിലേറെ വലിയ പൂരങ്ങൾ നഷ്ടമായെന്ന് ആന ഉടമകളും പറയുന്നു.

കേരളത്തിൽ ഇരുനൂറിലേറെ ആനകളെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാറുണ്ട്. 10 മുതൽ 20 വരെ ആനകൾ ദിവസം ഒരു ലക്ഷത്തിന് മുകളിൽ ഏക്കം ലഭിക്കുന്നവയാണ്. തൃക്കടവൂർ ശിവരാജു, പാമ്പാടി രാജൻ,തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ, മംഗലാംകുന്ന് കർണൻ,അയ്യപ്പൻ, കിരൺ നാരായണൻകുട്ടി, ഗണപതി, പുതുപ്പള്ളി കേശവൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഗുരുവായൂർ ദേവസ്വം വക ആനകൾ എന്നിവയ്ക്ക് നല്ല ഏക്കമുള്ളവയാണ്. കൊവിഡ് പടർന്നതോടെ ആനകളെ ഉത്സവം നടന്ന സ്ഥലങ്ങളിൽ തന്നെ തളയ്ക്കേണ്ടിവന്നതിനാൽ സംരക്ഷണ ചെലവ് കൂടി. മദപ്പാടോ,എരണ്ടക്കെട്ടോ വന്നാൽ ചിലവ് വീണ്ടും കൂടും. ഉത്സവ എഴുന്നള്ളിപ്പില്ലെങ്കിലും വെറുതെ തളച്ചിടാനാവില്ല. ആരോഗ്യ സംരക്ഷണത്തിന് രണ്ട് ദിവസത്തിലൊരിക്കൽ കുളിപ്പിക്കണം, അഴിച്ചു കെട്ടണം, നടത്തണം.

ഉത്സവങ്ങൾ ഇല്ലാതായതോടെ വരുമാനം ഇല്ലാതായി. എന്നാൽ ആനകളുടെ സംരക്ഷണചിലവ് കൂടി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആനകൾക്കും സൗജന്യ റേഷൻ അനുവദിക്കാൻ സർക്കാർ തയാറാകണം.

എം.മധു

എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന സംസ്ഥാന വൈസ് പ്രസിഡന്റ്