കോട്ടയം : അതിവേഗ റെയിൽപ്പാത ജില്ലയിൽ വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാൽ രൂപരേഖ പുന:പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. നിലവിൽ ജനവാസകേന്ദ്രങ്ങളിൽ കൂടിയും കാർഷിക മേഖലകളിൽ കൂടിയുമാണ് പാതയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നിരവധി വീടുകളും കൃഷിഭൂമിയും നഷ്ടപ്പെടും. 55 മീറ്റർ വീതിയിൽ പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആവശ്യമായ പരിസ്ഥിതി പഠനങ്ങൾ നടത്താതെയാണ് രൂപരേഖ പുറത്തുവിട്ടിരിക്കുന്നത്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.