അടിമാലി :പഴയകണക്കുകളും അതിന്റെ പോയന്റുംവച്ച് അടിമാലിയെ ഹോട്ട്സ്പോട്ടാക്കി ഒടുവിൽ തിരുത്തി.
യു.കെ. പൗരൻ ഉൾപ്പെടെ 3 പേർ കൊവിഡ് പോസിറ്റീവ് ഉൾപ്പെട്ടതിനാൽ 19 പ്രൈമറി കേസുകളും, 195 സെക്കന്ററി കേസുകളും അടിമാലി ഗ്രാമപഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതിൻ പ്രകാരം പ്രൈമറി സമ്പർക്കത്തിലുള്ളതിന് 35 പൊയിന്റും, സെക്കന്ററി സമ്പർക്കത്തിന് 15 പോയിന്റുമായിട്ടാണ് കണക്കാക്കുക. 3590 പോയിന്റാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെത്. ആമേഖല ഹോട്ട് സ്‌പോട്ടിൽ വരും. ഗ്രാമ പഞ്ചായത്തിൽ നിരീക്ഷണത്തിൽ അന്യസംസ്ഥാനക്കാരും വിദേശിയരുമായ 533 പേരും ഉണ്ടായിരുന്നു. ഈ കണക്കുകൾ ദേവിയാർ പി.എച്ച്.സി യിലെ ആരോഗ്യ പ്രവർത്തകർ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഈ കണക്കുകൾ 16 വരെയുള്ളതാണ്. എന്നാൽ 18 ന് ശേഷം ഈ കണക്കിൽ വളരെയധികം വ്യത്യാസം വന്നു കഴിഞ്ഞു.
ഇപ്പോൾ പഞ്ചായത്തിൽ പ്രൈമറി സമ്പർക്കത്തിലോ സെക്കന്ററി സമ്പർക്കത്തിലുള്ളവരോ ആരും ഇല്ല. അതിനാലാണ് അടിമാലി ഗ്രാമപഞ്ചായത്ത് ഹോട്ട് സ്‌പോട്ടിൽ നിന്നമാറ്റി ഉത്തരവായത് .
പക്ഷെ മേഖലയിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാഅതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാതിയ്യേറ്ററുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ മുതലയായവ പ്രവർത്തിക്കില്ല. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ അനുവദിക്കില്ല.
ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികൾ എന്നീ മേഖലകളുടെ പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊർജ്ജവിതരണം എന്നിവ ഉൾപ്പെടെയുള്ള പൊതുസേവനകാര്യങ്ങൾ, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതി നൽകിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവർത്തിപ്പിക്കേണ്ടത്.
എല്ലാ കടകളിലും കൈ കഴുകുന്നതിനുള്ള സൗകര്യം. സാമൂഹ്യ അകലം പാലിക്കൽ എന്നിവയെല്ലാം തുറന്ന് പ്രവർത്തിക്കുന്ന കടകളിൽ പാലിക്കേണ്ടതാണ്.