കോട്ടയം : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ എം.സി.എഫുകളിലും ആർ.ആർ.എഫുകളിലും സംഭരിച്ചിരുന്ന അജൈവമാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങി. കോട്ടയം നഗരസഭാ പരിധിയിലെ തരംതിരിക്കാത്ത 60 ടൺ അജൈവ മാലിന്യം കേരള എൻവിറോ ഇൻഫ്രാ ലിമിറ്റഡിന് കൈമാറി.
ആദ്യ വാഹനം നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോന ഫ്‌ളാഗ് ഒഫ് ചെയ്തു.
തദ്ദേശസ്ഥാപനങ്ങളിൽ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിച്ചിട്ടുള്ള മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയും തരം തിരിക്കാത്ത മാലിന്യങ്ങൾ കേരള എൻവിറോ ഇൻഫ്രാ ലിമിറ്റഡുമാണ് ഏറ്റെടുക്കുന്നത്. തദ്ദേശസ്ഥാപനങ്ങളും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയും ചേർന്നാണ് മാലിന്യ നീക്കം നടക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യും.