കോട്ടയം : ഇടിമിന്നലിനെ ഭയന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ നായ‌യെ വെട്ടേറ്റ നിലയിൽ വഴിയരികിൽ കണ്ടെത്തി. ഫോട്ടോ ജേണലിസ്റ്റ് ദിലീപ് പുരയ്ക്കനാണ് ഇന്നലെ രാവിലെ പത്തോടെ സി.എം.എസ് കോളേജ് റോഡിൽ നായയെ അവശനിലയിൽ കണ്ടത്. തുടർന്ന് അദ്ദേഹം ഫേസ് ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരും, വെസ്റ്റ് സി.ഐ എം.ജെ അരുണും, പൊതുപ്രവർത്തകൻ സഞ്ജുവും സ്ഥലത്ത് എത്തി. തുടർന്ന് മൃഗസംരക്ഷണ പ്രവർത്തകരും ആനിമൽ ലീഗൽ ഫോഴ്‌സ് ഇന്റഗ്രേഷൻ (ആൽഫി) പ്രവർത്തകരുമായ സൂരജ് എസ്.പൈയും, സുരേഷും സ്ഥലത്തെത്തി നായയെ കോടിമത വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി. ഇതിനിടെ നായയുടെ ഉടമയും സ്ഥലത്ത് എത്തി.