വൈക്കം: ആൾതാമസമില്ലാത്ത പുരയിടത്തിൽ നിന്നും കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വെച്ചൂർ അംബികാമാർക്കറ്റിന് സമീപം സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റ് വക പുരയിടത്തിലെ കെട്ടിടത്തിൽ നിന്നാണ് വാറ്റ് ഉപകരങ്ങൾ കണ്ടെടുത്തത്. കെട്ടിടത്തോട് ചേർന്നുള്ള ശൗചാലയത്തിൽ നിന്ന് മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 90 ലിറ്റർ കോടയും കണ്ടെടുത്തു. വൈക്കം എസ്.എച്ച്.ഒ എസ്.പ്രദീപ് എസ്.ഐമാരായ ബാബു ജോസഫ്, എസ്.വന്ദന, നാരായണനുണ്ണി, എസ് സിപിഒമാരായ ബിജുമോൻ, അനുമോൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കോടയും വാറ്റാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും പിന്നീട് പൊലീസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു.